ദുബായ്- വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ചുമത്തിയ പിഴ അടക്കാന്‍ സാധിക്കാത്തത് കാരണം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കാരുണ്യഹസ്തം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് മുതല്‍ ഏഴ് മാസം വരെ ജോലിയും കൂലിയുമില്ലാതെ വലഞ്ഞ രാജസ്ഥാന് സ്വദേശികളായ 30 പേരാണ് കോണ്‍സുലേറ്റ് ഇടപെടല്‍ മുഖേന നാടണഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ നാട്ടിലേക്ക് പുറപ്പെടാന്‍ എയര്‍പോര്‍ട്ടില്‍ എത്തി ബോര്‍ഡിംഗ് എടുക്കാനിരുന്നപ്പോഴാണ് പിഴ അടക്കാത്തതിനാല്‍ യാത്ര ചെയ്യാനാകില്ലെന്ന് മനസ്സിലാക്കുന്നത്. നാല് ദിവസം എയര്‍പോര്‍ട്ടില്‍ കഴിയേണ്ടിവന്ന തൊഴിലാളികളുടെ ദുരിതാവസ്ഥ അറിഞ്ഞ കോണ്‍സുലേറ്റ് ഇവരുടെ കമ്പനിയുമായി ബന്ധപ്പെട്ട് താമസ ഭക്ഷണ സൗകര്യം ലഭ്യമാക്കുകയായിരുന്നു. ജൂലൈ 17നായിരുന്നു
40 പേരടങ്ങുന്ന തൊഴിലാളികള്‍ ജയ്പൂരിലേക്ക് മടങ്ങാനിരുന്നത്. ഇവരില്‍ 10 പേര് പിഴ അടച്ചതിനാല്‍ ടിക്കറ്റ് എടുത്ത വിമാനത്തില്‍ തന്നെ നാട്ടിലേക്ക് യാത്രയായി.
എയര്‍പോര്‍ട്ടില്‍ കുടുങ്ങിയവരില്‍ ചിലര്‍ വിസിറ്റ് വിസയിലും റെസിഡന്‍സ് വിസയിലും വന്നവരായിരുന്നു. വിസാ കാലാവധി അവസാനിച്ചുരുന്നതിനാല് ചിലര്‍ക്ക് 10,000 ഉം 11,000 ഉം ദിര്‍ഹം പിഴ വന്നിരുന്നു. മറ്റു ചിലര്‍ക്ക് ചുരുങ്ങിയ സംഖ്യയാണ് പിഴയൊടുക്കേണ്ടിയിരുന്നത്. യാതൊരുഗതിയുമില്ലാത്തതിനാല് പ്രാദേശിക പത്രം മുഖേനയാണ് തൊഴിലാളികള്‍ തങ്ങളുടെ ദുരവസ്ഥ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പെടുത്തിയത്.






