മസ്‌കത്ത്- കഴിഞ്ഞ 24 മണിക്കൂറിനിടെ 1145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യമന്ത്രാലയം. നാലു പേര്‍ മരണത്തിന് കീഴടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി. അസുഖം ബാധിച്ചവരില്‍ 1047 പേര്‍ ഒമാനികളും 98 പേര്‍ വിദേശികളുമാണ്.
ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 73,791 ഉം മരണം 359 ഉം ആയി ഉയര്‍ന്നു. 53,007 പേര്‍ രോഗമുക്തരായതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓഗസ്റ്റ് എട്ടു വരെ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. കാല്‍നട യാത്ര പോലും ഈ സമയത്ത് അനുവദിക്കില്ലെന്ന് ഒമാന്‍ റോയല്‍ പൊലീസ് പറഞ്ഞു. നിയമലംഘകര്‍ക്കെതിരെ 100 ഒമാനി റിയാല്‍ പിഴ ചുമത്തും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ ഏപ്രില്‍ മുതലാണ് നീക്കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ നിയന്ത്രിത രീതിയില്‍ മാത്രമാകും രാജ്യത്തെ ഈദ് ആഘോഷങ്ങള്‍ നടക്കുക. ജൂലൈ 31നാണ് പെരുന്നാള്‍.