എമിറേറ്റ്‌സിന്റെ എല്ലാ യാത്രക്കാര്‍ക്കും സൗജന്യ കോവിഡ് പരിരക്ഷ; 1.30 കോടിയുടെ ഇന്‍ഷുറന്‍സ്

ദുബായ്- വിമാനയാത്രക്കാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി മധ്യേഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എമിറേറ്റ്‌സ്. യാത്രക്കിടെ കോവിഡ് ബാധിക്കുന്ന യാത്രക്കാരെ സൗജന്യമായി ചികിത്സിക്കുമെന്നും അവരുടെ ക്വാറന്റൈന്‍ അടക്കമുള്ള ചെലവുകള്‍ വഹിക്കുമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. ഏകദേശം ആറുലക്ഷം ദിര്‍ഹമിന്റെ പരിരക്ഷയാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്.
'അന്താരാഷ്ട്ര യാത്രയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ഞങ്ങള്‍. ഇക്കാര്യത്തില്‍ മുന്നില്‍ നിന്നു നയിക്കാന്‍ എമിറേറ്റ്‌സിന് കഴിയുന്നതില്‍ അഭിമാനമുണ്ട്. ലോകാതിര്‍ത്തികള്‍ ക്രമേണ തുറന്ന സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ യാത്രക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും എന്നതിന് ഒരുറപ്പ് അവര്‍ ചോദിക്കുന്നുണ്ട്'  പരിരക്ഷ പ്രഖ്യാപിക്കവെ എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂം പറഞ്ഞു.
യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 31 വരെ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.
യാത്രക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 6,40,000 ദിര്‍ഹം (ഏകദേശം 1,30,49,000 രൂപ) മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്സ് നല്‍കും. കൂടാതെ, ഇത്തരത്തില്‍ രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീന്‍ ചെലവുകള്‍ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.
എമിറേറ്റ്സ് ഉപയോക്താക്കള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്‌നമല്ല. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് നല്‍കും. യാത്ര ചെയ്യുന്ന ദിവസം മുതല്‍ 31 ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാവുക. ഉപഭോക്താക്കള്‍ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്ര ചെയ്താലും ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താം.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസുകള്‍ രണ്ടാഴ്ച മുമ്പാണ് എമിറേറ്റ്‌സ ആരംഭിച്ചത്. ഓഗസ്റ്റ് മധ്യത്തോടെ 58 നഗരങ്ങളിലേക്കാണ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ലോകത്ത് ആദ്യമായി സൗജന്യ പരിശോധന വാഗ്ദാനം ചെയ്യുന്ന വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ്.
യു.എ.ഇയിലെത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമാണ് എയര്‍ലൈന്‍സിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചത്. സ്വദേശികള്‍, പ്രവാസികള്‍, വിനോദ സഞ്ചാരികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം എവിടെ നിന്നു വരുന്നുവെങ്കിലും പരിശോധന നടത്തണം എന്നാണ് നിര്‍ദ്ദേശം.

 

 

Latest News