Sorry, you need to enable JavaScript to visit this website.

പാഠങ്ങൾ പകരാത്ത പക്ഷികളുണ്ടോ? 

പക്ഷികൾ പലതരത്തിലുണ്ട്. അവയിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുമുണ്ട്. പല തരം പക്ഷികളും സവിശേഷമായ പല ധർമ്മങ്ങളും പ്രകൃതിയിൽ നിർവ്വഹിക്കുന്നു. കാണാനും കേൾക്കാനും ഇമ്പമേകുന്ന പക്ഷികൾ മനുഷ്യനെ എക്കാലത്തും പ്രത്യേകമായി സ്വാധീനിക്കാറുണ്ട്. തിരക്കുകൾക്കിടയിൽ ഇത്തിരി നേരം പക്ഷികളുടെ ലോകത്തേക്ക് ഒന്ന് ചെന്ന് നോക്കൂ. ശബ്ദം കൊണ്ടും വർണ്ണം കൊണ്ടും രൂപം കൊണ്ടും എന്തെന്ത് വൈവിധ്യങ്ങളുടെ ലോകമാണ് കിളികളുടേത്? സൂക്ഷിച്ച് നോക്കിയാൽ ദിനേന നാം ആറേഴ് തരം പക്ഷികളെയെങ്കിലും ശരാശരി കണ്ടു മുട്ടുന്നുണ്ടെന്ന കാര്യം എത്ര പേർ ശ്രദ്ധിക്കാറുണ്ട്? 


പ്രാവ്, കാക്ക, മൈന തുടങ്ങിയവ നമ്മുടെ പരിസരങ്ങളിൽ ഇടതടവില്ലാതെ വന്ന് പോവാറുണ്ട്. ചലനങ്ങളിൽ, ചിറകടിയിൽ, കളകൂജനങ്ങളിൽ നമ്മെ പിടിച്ചിരുത്തുന്ന കുയിലുകളും കൊക്കുകളും പകരുന്ന അനുഭവങ്ങൾ സംഗീത സാന്ദ്രവും ധ്യാനാത്മകവുമാണ്.
'കണ്ണടച്ചേകാന്ത യോഗി പോൽ പാടത്ത് ചെന്നിരിക്കുന്ന വെൺ കൊറ്റിയേക്കാൾ കാടും മലകളും വർണ്ണിച്ചു പാടുന്ന കാർ കുയിലിനേയാണെനിക്കേറെ യിഷ്ടം' എന്ന് ചങ്ങമ്പുഴ 'പാടുന്ന പിശാച് ' എന്ന ആത്മകഥാ പരമായ കവിതയിൽ ആവിഷ്‌ക്കരിക്കുമ്പോൾ പക്ഷികളുടെ സ്വഭാവ സവിശേഷതകളോട് മനുഷ്യർ പുലർത്തുന്ന ഇഷ്ടാനിഷ്ടങ്ങളെ പ്രകടിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. തന്റെ കവിതയെ കുറിച്ച് വിമർശകരുടെ കൂരമ്പുകൾക്കുള്ള മറുപടി കൂടിയായത് മാറുന്നുണ്ട്. 


ഒരു കൂവൽ കൊണ്ടും തൂവൽ കൊണ്ടും അടിയിരുന്നതിൻ ചൂട് കൊണ്ടും ജീവനെ ആവിഷ്‌ക്കരിക്കുന്നതിൽ കിളികൾ കാട്ടുന്ന ലാളിത്യത്തിന്റെ മഹാ വിസ്മയത്തെ 'ലളിതം' എന്ന കവിതയിൽ പുതിയ കാലത്തെ കവി പി.പി രാമചന്ദ്രൻ അതിമനോഹരമായി കുറിച്ചിടുമ്പോഴും കിളികൾ കവിതയായ് തീരുന്നത് നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരിനം പക്ഷിയാണ് പരുന്തുകൾ. പരുന്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ? കൂടുതൽ അടുത്ത് പഠിക്കുമ്പോൾ പരുന്തുകളുടെ ജീവിത ശൈലി നമ്മെ ഏറെ ചിന്തിപ്പിക്കും. വയസ്സ് കൂടുന്നതോടെ പറക്കാൻ കഴിയാത്ത അവസ്ഥയിലാവുന്ന പരുന്ത് ഏതെങ്കിലും ഉയർന്ന പ്രദേശത്ത് ചെന്ന് കട്ടികൂടിയ തൂവലുകൾ സ്വയം കൊത്തിപ്പറിച്ചു കളയുമത്രെ. പുതിയ നല്ല തൂവലുകൾ വരുന്നതിനായാണത് ഇങ്ങനെ ചെയ്യുന്നത്. 


ഭാരരഹിതമായ പുത്തൻ തൂവലുകളുമായി ആകാശത്തേക്ക് പറന്നുയരാൻ ഈ പ്രക്രിയ അവരെ വളരേയേറെ സഹായിക്കും. ഇതുപോലെ തന്നെയാണ് ജീവിതവും എന്ന് പറയാറുണ്ട്. പല അനാവശ്യ ശീലങ്ങളും ഭാരങ്ങളും പ്രായമേറുന്തോറും ചിലരിൽ സ്വാഭാവികമായി ഏറി വന്നേക്കാം. പെട്ടെന്ന് ദേഷ്യം വരിക, പല കാര്യങ്ങളിലും പിടിവാശിയും അനാവശ്യമായ ശാഠ്യവും കാണിക്കുക തുടങ്ങി മറ്റുള്ളവർക്ക് അരോചകമായും തനിക്ക് ഭാരമായും തീരുന്ന കുറേ കാര്യങ്ങൾ. ഇവ സ്വയം കൊത്തിയകറ്റാൻ ശ്രമിക്കുന്നവരുടെ ജീവിതം കൂടുതൽ ഉല്ലാസപ്രദവും ആനന്ദദായകവുമായിരിക്കും. 
നമ്മുടെ പരിസരങ്ങളിൽ പ്രായമാകുന്ന പലരെയും ശ്രദ്ധിച്ചു നോക്കൂ. ചിലർ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതം കഴിഞ്ഞാൽ റിട്ടയർമെന്റിൽ പ്രവേശിച്ച് പൊടുന്നനെ അവശതയിലേക്ക് കൂപ്പ് കുത്തും. മറ്റ് ചിലർ വിഷാദ രോഗത്തിനടിപ്പെട്ട് ഒറ്റപ്പെട്ട മനോഭാവത്തോടെ ജീവിതം നയിച്ച് അധികം വൈകാതെ വാർദ്ധക്യത്തിൽ പ്രവേശിച്ച് രോഗികളാവും. 
സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാവുന്ന കാര്യം ഇവരിലധികവും സാമൂഹ്യ സേവന രംഗത്തോ ജീവ കാരുണ്യ പ്രവർത്തനങ്ങളിലോ സർഗ്ഗാത്മക രംഗങ്ങളിലോ ഒന്നും ക്രിയാത്മകമായി കൂടുതലൊന്നും ഇടപെടാതെ സ്വന്തം കാര്യം സിന്ദാബാദ് എന്ന മന്ത്രമുരുവിട്ട് ജീവിച്ചവരായിരിക്കുമെന്ന് കാണാവുന്നതാണ്.


റിട്ടയർമെന്റില്ലാതെ, ആ ഘട്ടത്തെ വകവെക്കാതെ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിൽ സജീവത തുടർന്ന് കൊണ്ടിരിക്കുന്നരാവട്ടെ അറുപതിലും എഴുപതിലും ബഷീറിന്റെ ഭാഷയിൽ യൗവനയുക്തരും പ്രേമ സുരഭിലരുമായി അരങ്ങിൽ നിറഞ്ഞാടുന്നത് കാണാം. അവർ പ്രസാദാത്മകതയും ചടുലതയും കൈവിടാതെ അധിക നേരവും ഉന്മേഷവാൻമാരായിരിക്കും.  കോഴിക്കോട്ട് വെച്ച് നടന്ന ഒരു ലൈവ് പ്രോഗ്രാമിനിടയിൽ, തന്റെ ഗസലുകൾക്ക് അനുരാഗം വഴിഞ്ഞൊഴുകുന്ന വരികൾ കുറിച്ച കവി ഒ. എൻ. വി യോട് എഴുപത് പിന്നിട്ട ആ നാളുകളിലും ഇത്ര മധുരതരമായ, അസൂയാവഹമായ പ്രണയം സൂക്ഷിക്കുന്ന കവിമനസ്സിന്റെ രഹസ്യം രാഗാർദ്രമായ ഒരു നിമിഷത്തിൽ ഗായകനായ ഉമ്പായി ആരാഞ്ഞത് ഓർത്ത് പോവുന്നു. 


ചിലരാവട്ടെ കൗമാരക്കാരെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ പ്രണയ കവിതകൾ രചിച്ചും  ചൊല്ലിയും ഭാഷാന്തരം ചെയ്തും രാപ്പകലുകളെ ജീവസ്സുറ്റതാക്കുന്നു.  സോഷ്യൽ മീഡിയയിൽ ഒരു വകതിരിവില്ലാതെ കമന്റുകളിട്ടും പോസ്റ്റുകൾ ഷെയർ ചെയ്തും മനസ്സിന്റെ തീക്ഷ്ണ യൗവന ഗൃഹാതുര തുരുത്തുകളിൽ നിത്യഹരിതരായി വിലസുന്നവർ വേറെ.  വയസേറുന്നതിനേയും ജരാനര ബാധിക്കുന്നതിനേയും കൃത്രിമ നിറം ചാലിച്ച് അതി കഠിനമായി പ്രതിരോധിച്ചു നിർത്തുന്നവരേയും ധാരാളമായി കാണാവുന്നതാണ്. 
നേരത്തേ കാലത്ത് പ്രായമാവുന്നെന്ന് തോന്നുന്നവർക്ക്, ഭാരമേറുന്ന പഴയ തൂവലുകൾ കൊത്തിയെറിഞ്ഞ് പറക്കൽ അനായസമാക്കാൻ ശ്രമിക്കുന്ന പരുന്ത് പകർന്നേകുന്ന പാഠപ്പൊരുൾ ചെറുതല്ല തന്നെ.

Latest News