അലിഗഡില്‍ 'മുസ്ലിമും' ബനാറസില്‍ 'ഹിന്ദുവും' വേണ്ടെന്ന് യുജിസി സമിതി

ന്യൂദല്‍ഹി- കേന്ദ്ര സര്‍വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനു യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) നിയോഗിച്ച സമിതി അലിഗഡ്, ബനാറസ് സര്‍വകലാശാലകളുടെ പേരില്‍ മാറ്റം വേണമെന്ന് നിര്‍ദേശിച്ചു.
മതേതര സ്വഭാവമുള്ള സര്‍വകലാശാലകളുടെ പേരില്‍ മതത്തിന്റെ പേര് വേണ്ടെന്നാണ് ശുപാര്‍ശ. അലിഗഡ് മുസ്ലിം സര്‍വകലാശാല എന്നതില്‍ നിന്ന് മുസ്ലിം ഒഴിവാക്കി അലിഗഡ് സര്‍വകലാശാല എന്നോ അല്ലെങ്കില്‍ സ്ഥാപകനായ സര്‍ സയ്യിദ് അഹമദ് ഖാന്റെ പേരോ നല്‍കാം. ഇതുപോലെ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പേരില്‍ നിന്ന് ഹിന്ദുവും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായതിനാലും മതേതരത്വ സ്വഭാവം ഉള്ളതിനാലും മുസ്ലിം, ഹിന്ദു പേരുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് സമിതിയുടെ അഭിപ്രായം. 
 
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു വേണ്ടി യുജിസി ഏപ്രില്‍ 25-ന് നിയോഗിച്ച ഓഡിറ്റ് സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. അലിഗഡ്, അലഹാബാദ്, പോണ്ടിച്ചേരി, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു, ത്രിപുര തുടങ്ങി പത്തോളം കേന്ദ്ര സര്‍വകലാശാലകളുടെ അക്കാദമിക്, ഗവേഷണ, സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനും അഞ്ച് ഓഡിറ്റ് സമിതികളെയാണ് യുജിസി നിയോഗിച്ചിരുന്നത്.
 
അലിഗഡ് സര്‍വകലാശാല ഓഡിറ്റ് ചെയ്ത സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ബനാറസ് സര്‍വകലാശാലയുടെ ഓഡിറ്റ് ഈ സമിതി നടത്തിയിട്ടില്ലെങ്കിലും പേര് മാറ്റണമെന്ന് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. മദ്രാസ് ഐഐടി പ്രൊഫസര്‍ ശ്രിപത് കര്‍മാല്‍ക്കര്‍, മഹര്‍ഷി ദയാനന്ദ് സരസ്വതി യൂണിവേഴ്‌സിറ്റി വി സി കൈലാശ് സൊഡാനി, ഗുവാഹത്തി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മസ്ഹര്‍ ആസിഫ്, ഐഐഎം ബാംഗ്ലൂര്‍ പ്രൊഫസര്‍ സങ്കര്‍ശന്‍ ബസു എന്നിവര്‍ ചേര്‍ന്ന സമിതിയാണ് അലിഗഡ്, പോണ്ടിച്ചേരി സര്‍വകലാശാലകള്‍ ഓഡിറ്റ് ചെയ്തത്. 
 
അലിഗഡില്‍ ഇപ്പോഴും ജന്മിത്വ സ്വഭാവം നിലനില്‍ക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.  ദരിദ്ര പശ്ചാത്തലങ്ങളില്‍ നിന്നുള്ള മുസ്ലിം വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള അലിഗഡിന്റെ ന്യൂനപക്ഷ പദവി സംബന്ധിച്ച് സമിതി പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. 
 
അലിഗഡിലെ വിസി തെരഞ്ഞെടുപ്പു രീതി മറ്റു കേന്ദ്ര സര്‍വകലാശാലകളിലേതു പോലെ തന്നെ ആക്കണമെന്നും ഇതില്‍ യൂണിവേഴ്‌സിറ്റിക്കുള്ള അതിതാധികാരം വെട്ടിച്ചുരുക്കണെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. അലിഗഡിലെ അധ്യാപക നിയമനങ്ങളില്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് അമിത മുന്‍ഗണ നല്‍കുന്നതായും സമിതി കുറ്റപ്പെടുത്തി. ട്യൂഷന്‍ ഫീ ഉയര്‍ത്തി കൂടുതല്‍ വിഭവ സമാഹരണം നടത്തണമെന്നും സര്‍വകലാളാല കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കുറക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

Latest News