ജിദ്ദ- ഒന്നര വർഷമായി ജോലി ഇല്ലാതെ ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരുന്ന തിരുവനന്തപുരം അമ്പൂരി സദേശി ഷിബു ബാബു, തിരുവനന്തപുരം സ്വദേശി സംഗമം നൽകിയ ടിക്കറ്റിൽ ജിദ്ദയിൽ നിന്നുമുള്ള വന്ദേഭാരത് വിമാനത്തിൽ നാട്ടിലേക്കു യാത്രയായി.
ഹായിലിൽ കരാർ കമ്പനിയിൽ ജോലിക്കാരനായ ഷിബുവിന് ഒന്നരവർഷമായി ശാരീരിക ബുദ്ധിമുട്ടുകളാൽ ജോലി ഇല്ലാതാവുകയും ഇഖാമ പുതുക്കുവാൻ കഴിയാതെയും വന്നു. അദ്ദേഹത്തിന്റെ ഈ വിഷമകരമായ അവസ്ഥ പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എംജെ കണ്ണൻ നാട്ടിൽനിന്നും അനിൽകുമാർ പത്തനംതിട്ടയെ വിളിച്ചറിയിച്ചു. അതുപ്രകാരം ഒ ഐ സി സി ഹെൽപ് ഡെസ്‌ക് കൺവീനർ അലിതേക്കുതോട് ഹായിലിലെ ജീവകാരുണ്യ പ്രവർത്തകരായ താഹ ഗനി, ചാൻഷാ റഹ്മാൻ എന്നിവരെ വിവരം അറിയിച്ചു. അവർ ഹായിലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമസഹായം തേടുകയും യാത്ര രേഖകൾ ശരിയാക്കി ഫൈനൽ എക്‌സിറ്റ് ലഭ്യമാക്കുകയും ചെയ്തു.
രേഖകൾ എല്ലാം ശരിയാക്കിയ ശേഷം അലി തേക്കുതോട് ടി പി എ പ്രസിഡന്റ് നാസുമുദ്ദീൻ മണനാന്റെ ശ്രദ്ധയിൽ ടിക്കറ്റിന്റെ ആവശ്യകത കൊണ്ടുവന്നു. ജീവകാരുണ്യത്തിനു എന്നും മുൻതൂക്കം നൽകിയിട്ടുള്ള ടി പി എ ഈ വിഷമഘട്ടത്തിലും അത് ഏറ്റെടുക്കുകയും ഷിബുവിന് ടിക്കറ്റ് നൽകുകയുമായിരുന്നു. ടി പി എ എക്‌സിക്യുട്ടീവ് അംഗം നവാസ് ബീമാപ്പള്ളി, ഷമീർ നദ്‌വി കുറ്റിച്ചൽ എന്നിവരും ടിക്കറ്റ് നൽകുന്നതിന് വേണ്ടി വിമാനത്താവളത്തിൽ എത്തിയിരുന്നു. സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ് ഷിബു നാട്ടിലേക്കു മടങ്ങിയത്.






