ഫഹദ് ഫാസിലിന്റെ സിനിമയില്‍ ഫൈസല്‍ അഭിനയിച്ചു; അറിഞ്ഞില്ലെന്ന് സംവിധായകന്‍

കൊച്ചി-തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2014ല്‍ പുറത്തിറങ്ങിയ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നെന്നു മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് ഫൈസല്‍.  ഷാര്‍ജയില്‍ ചിത്രീകരിച്ച സീനിലാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്.
പോലീസ് വേഷത്തിനായി അറബ് മുഖഛായയുള്ള രണ്ട് യുവാക്കളെ വേണമെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ വാസുദേവന്‍ മുന്നോട്ടുവെച്ച ആവശ്യം. ഫൈസല്‍ ഫരീദാണ് അന്ന് ചിത്രത്തില്‍ അഭിനയിച്ചതെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന് സംവിധായകന്‍ വാസുദേവന്‍ സനല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഫൈസലിനെ ഓര്‍ക്കുന്നില്ലെന്നും വാസുദേവന്‍ പറഞ്ഞു. തന്റെ ഓര്‍മയില്‍പോലും ഫൈസലിന്റെ മുഖമില്ലെന്നും സംവിധായകന്‍ പറയുന്നു.
2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകളില്‍ കയറിപ്പറ്റാന്‍ ഫൈസല്‍ ശ്രമം നടത്തിയിരുന്നെന്നാണ് വിവരം. ഇതിനായി സിനിമാ ബന്ധങ്ങള്‍ വളര്‍ത്തിയ ഫൈസല്‍, സ്വര്‍ണക്കടത്തിനായി സിനിമയെ മറയാക്കിയിട്ടുണ്ടോ എന്നകാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
 

Latest News