അബൂദാബിയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

അബൂദാബി- സെപ്തംബറില്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി സര്‍ക്കാര്‍. അധ്യാപകര്‍ക്ക് പുറമേ, സ്‌കൂള്‍ ജീവനക്കാരും പരിശോധക്ക് വിധേയരാകണമെന്ന് അബൂദാബി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഉത്തരവ് എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബാധകമാണ്.

ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് ഓഗസ്റ്റ് 16 മുതലാണ് പരിശോധന ആരംഭിക്കേണ്ടത്. കോവിഡ് പ്രതിരോധ ആപ്ലിക്കേഷനായ അല്‍ഹുസ്‌നില്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്യുകയും വേണം. 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ സമുച്ചയത്തില്‍ പ്രവേശിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കും. സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് അയച്ചതായും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

പുതിയ അദ്ധ്യയന വര്‍ഷത്തിനായി വന്‍തോതിലുള്ള സുരക്ഷാ മാനദണ്ഡമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. വിദേശത്തുള്ള ജീവനക്കാരും രക്ഷിതാക്കളും സ്‌കൂള്‍ ആരംഭിക്കുന്നതിന് 14 ദിവസം മുമ്പു തന്നെ രാജ്യത്തെത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളില്‍ എല്ലാ സമയത്തും മാസ്‌ക് നിര്‍ബന്ധമാണ് എന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ക്ലാസില്‍ കയറുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം, വിശ്രമമുറികള്‍ക്ക് പുറത്ത് ഉള്‍ക്കൊള്ളാവുന്ന ആള്‍ശേഷി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണം, ലൈബ്രറികള്‍ അടയ്ക്കണം, പ്രാര്‍ഥനകള്‍ക്കായി സ്വന്തം സാധനങ്ങള്‍ ഉപയോഗിക്കണം- സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

 

Latest News