ദുബായ്- ചൊവ്വ ഗ്രഹത്തില്‍ 2117 ല്‍ നഗരം സ്ഥാപിക്കാനുള്ള യു.എ.ഇ പദ്ധതിയുടെ ആദ്യപടിയാണ് ഹോപ് പ്രോബ് ദൗത്യമെന്ന് ശാസ്ത്രജ്ഞര്‍. ഒരു നൂറ്റാണ്ടു കഴിഞ്ഞുള്ള ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക വഴിത്തിരിവാണ് നിലവിലെ ചൊവ്വാദൗത്യമെന്നും അബുദാബി ന്യുയാദ് സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റ് ദിമിത്ര അത്രി പറഞ്ഞു.
'ചൊവ്വയില്‍ ജീവനുണ്ട് എന്നതിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ ഹൈഡ്രജന്‍ ദ്രാവകത്തിന് നിലനില്‍ക്കാന്‍ കഴിയുന്ന സാന്ദ്രതയേറിയ അന്തരീക്ഷമാണ് ചുവന്ന ഗ്രഹത്തില്‍ ഉള്ളതെന്ന് ശാസ്ത്രജ്ഞര്‍ക്കിയില്‍ പൊതു അഭിപ്രായമുണ്ട്. ഗ്രഹങ്ങള്‍ക്ക് എങ്ങനെയാണ് അന്തരീക്ഷം നഷ്ടപ്പെടുന്നത് എന്നത് ഗ്രഹശാസ്ത്രത്തിലെ അടിസ്ഥാന ചോദ്യമാണ്. ചൊവ്വയുടെ അന്തരീക്ഷം എന്തു കൊണ്ട് ക്ഷയിക്കുന്നു എന്നതിനെ കുറിച്ച് ഹോപ് പ്രോബ് ദൗത്യം ഒരുപാട് ഉത്തരങ്ങള്‍ തരും' യു.എസ്.എയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനിലെയും നാസയിലെയും സ്ഥിരാംഗായ അത്രി പറഞ്ഞു.
മാര്‍സ് സയന്റിഫിക് സിറ്റി എന്ന് പേരിട്ട പദ്ധതിയാണ് യു.എ.ഇയുടെ ചൊവ്വാ നഗരം. അസാധാരണമായ ദേശീയ പദ്ധതി എന്നാണ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതിനെ വിശേഷിപ്പിക്കുന്നത്. 500 ദശലക്ഷം ദിര്‍ഹമാണ് യു.എ.ഇ ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഇതിനു മാത്രമായി 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തില്‍ പുതിയ ഗവേഷണ കേന്ദ്രം നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അറബ് ലോകത്തു നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ജപ്പാനിലെ തനേഗാഷിമ ദ്വീപില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 1.54നാണ് കുതിച്ചുയര്‍ത്. പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററില്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണക്കൊപ്പം രാജ്യത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കുക എതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഒരു അറബ് രാഷ്ട്രത്തിന്റെ ആദ്യത്തെ ചൊവ്വാ ദൗത്യമാണ് ഹോപ് പ്രോബ് ഏഴു മാസം കൊണ്ട് 493.5 ദശലക്ഷം കിലോമീറ്ററാണ് പേടകം പിന്നിടേണ്ട ദൂരം. 687 ദിവസം ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാകും. രാഷ്ട്ര രൂപീകരണത്തിന്റെ 50-ാം വര്‍ഷത്തില്‍ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. പേടകം ചൊവ്വയിലിറങ്ങില്ല. പകരം ഒരു ചൊവ്വ വര്‍ഷം (687 ദിസവം) ഉപഗ്രഹം ചൊവ്വയെ പരിക്രമണം ചെയ്യും.
നാസ, റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ വിജയകരമായി ചൊവ്വാദൗത്യം പൂര്‍ത്തീകരിച്ചത്. ആറിലേറെ ചൊവ്വാദൗത്യങ്ങള്‍ പരാജയപ്പെട്ടിടത്താണ് അറബ് രാജ്യത്തിന്റെ ദൗത്യം സഫലമാകുന്നത്.






