അബുദാബി- കുട്ടികള്‍ക്ക് ദോഷകരമായ ഏതൊരു പെരുമാറ്റവും ശിക്ഷാര്‍ഹമാണെന്ന് അബുദാബി പോലീസ് ഓര്‍മിപ്പിച്ചു. കുറ്റം തെളിഞ്ഞാല്‍ 5000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് മാതാപിതാക്കളെയും രക്ഷിതാക്കളെയും അധികൃതര്‍ ഓര്‍മിപ്പിച്ചു.
കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങളോ മദ്യമോ വില്‍ക്കുകയോ വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യല്‍, കുട്ടികളുടെ മുമ്പില്‍നിന്ന് പുകവലിക്കല്‍, അവരുടെ ആരോഗ്യത്തിന് ഹാനികരമായ ഇതുപോലുള്ള വസ്തുക്കള്‍ ഉപയോഗിക്കല്‍ എന്നിവയെല്ലാം നിയമലംഘനത്തിന്റെ പരിധിയില്‍ വരും. 2016 ലെ ഫെഡറല്‍ നിയമാവലിയില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് 21 ാം നമ്പര്‍ ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുക.
കുറ്റകൃത്യവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഗെയിം കുട്ടികള്‍ കാണുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് കഴിഞ്ഞവാരം അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈനില്‍ കുട്ടികളുടെ പ്രവര്‍ത്തനം മാതാപിതാക്കള്‍ കൃത്യമായി നിരീക്ഷിക്കല്‍ നിര്‍ബന്ധമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.






