'ഞാന്‍ ട്രംപല്ല,മനുഷ്യര്‍ കഷ്ടപ്പെടുന്നത് കാണാനാവില്ല': ഉദ്ധവ് താക്കറെ

മുംബൈ- മഹാരാഷ്ട്രയിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജനങ്ങള്‍ തന്റെ കണ്‍മുമ്പില്‍ കിടന്ന് കഷ്ടപ്പെടുന്നത് കാണാന്‍ താന്‍ ട്രംപല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സാമ്‌നയ്ക്കായി ശിവസേന എംപി സഞ്ജയ് റൗത്ത് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം സാമ്‌നയില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നിലവിലുണ്ട്. ആളുകള്‍ ഇപ്പോള്‍ തന്നെ മടുത്തിട്ടുണ്ട്. മുംബൈയിലുള്ളവര്‍ക്ക് എന്നാണ് വീണ്ടും വടാ പാവ് കഴിക്കാന്‍ സാധിക്കുക എന്ന് അഭിമുഖത്തിനിടെ സഞ്ജയ് റൗത്ത് മുഖ്യമന്ത്രിയോട് ആരാഞ്ഞു. അതിനുള്ള മറുപടിയായാണ് അദ്ദേഹം താന്‍ ട്രംപല്ലെന്നും ആളുകള്‍ കഷ്ടപ്പെടുന്നത് കാണാന്‍ സാധിക്കില്ലെന്നും പറഞ്ഞത്.

നിയന്ത്രണങ്ങളില്‍ നിലവില്‍ ഏതാനും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ പ്രശ്‌നങ്ങളെയും തങ്ങള്‍ പരിഹരിക്കുക തന്നെ ചെയ്യുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചന.കോവിഡ് മഹാമാരി ഭീകരമായി ബാധിച്ച യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്ന നയങ്ങള്‍ക്ക് എതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മനുഷ്യജീവനക്കേള്‍ ട്രംപ് തന്റെ മാത്രം ബിസിനസുകളുടെ നടത്തിപ്പ് ആണ് ലക്ഷ്യമിട്ടതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.കടുത്ത മാനദണ്ഡങ്ങള്‍ നടപ്പാക്കി വൈറസ് ബാധ നിയന്ത്രിക്കാന്‍ അദ്ദേഹം നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
 

Latest News