ദുബായ്- എമിറേറ്റിന്റെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നല്‍കി സ്വകാര്യവിദ്യാഭ്യാസ മേഖലാ സ്ഥാപനങ്ങള്‍. നഗരവികസനത്തില്‍ 1800 കോടി ദിര്‍ഹം ഈ മേഖല വഴി ലഭ്യമായെന്ന് നോളേജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.
ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് മഖ്തൂം ബിന്‍ മുഹമ്മദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്ട്രാറ്റജിക് അഫയേഴ്‌സ് കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. സെക്കന്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂമും മെമ്പര്‍മാരും പങ്കെടുത്ത യോഗം വിദ്യാഭ്യാസം, സാമ്പത്തികവിനിയോഗം, സ്മാര്‍ട്ട് സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്തു.
ജോലി ചെയ്യാനും ജീവിക്കാനും ലോകത്തില്‍ ഏറ്റവും അനുയോജ്യമായ നഗരമായി ദുബായ് മാറിയതിനും കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതിനും പിന്നില്‍ വിദ്യാഭ്യാസ മേഖലക്ക് നിര്‍ണായക സ്വാധീനമുണ്ടെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. വിദൂരസംവേദന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കോവിഡ് 19 മഹാമാരി കാരണമായെന്നും കെ.എച്ച്.ഡി.എ സൂചിപ്പിച്ചു. ഏകദേശം മൂന്ന് ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളും 50,000 ഹയര്‍ എജ്യുകേഷന്‍ വിദ്യാര്‍ഥികളും ദുബായില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലാണ് നിലവില്‍ പഠിക്കുന്നത്.