മസ്‌കത്ത്- ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറുനൂറില്‍ അധികം പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും സമൂഹ വ്യാപനത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി വ്യക്തമാക്കി. പ്രാദേശിക റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാപനം തടയാന്‍ ഓരോ വ്യക്തിയും തങ്ങള്‍ക്ക് ആകുംവിധം യത്‌നിക്കേണ്ടതുണ്ട്. പ്രതിരോധ നടപടികള്‍ പാലിച്ചാല്‍ രോഗബാധ കുറച്ചു കൊണ്ടു വരാന്‍ ആകും. രോഗപ്പകര്‍ച്ചയുടെ പേരില്‍ സ്വദേശി പൗരന്മാരെ കുറ്റപ്പെടുത്താനാകില്ല. നിലവിലെ സാഹചര്യത്തില്‍ മാറ്റം വരാന്‍ ഏറെ സമയമെടുക്കും. രാജ്യത്ത് അധിവസിക്കുന്ന എല്ലാ പൗരന്മാരും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകണം- ഡോ. അല്‍ ഹുസ്‌നി അഭ്യര്‍ത്ഥിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണത്തിന്റെ അര ശതമാനം മാത്രമാണ് മരണനിരക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
24 മണിക്കൂറിനിടെ രാജ്യത്ത് 1,739 പുതിയ കോവഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11,46 പേര്‍ രോഗമുക്തരാകുകയും ചെയ്തു. എട്ടു പേര്‍ മരിച്ചു. ഇതുവരെ 68,400 പോസിറ്റീവ് കേസുകളാണ് രാജ്യത്തുണ്ടായത്. 45,150 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 326 ആണ് മരണനിരക്ക്. 274,745 കോവിഡ് ടെസ്റ്റാണ് ഇതുവരെ ഒമാന്‍ നടത്തിയത്.