ജിദ്ദ- ശനിയാഴ്ച പുലർച്ചെ ജിദ്ദ അൽസലാം കൊട്ടാരത്തിനു മുന്നിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹമാദ് ബിൻ ശലാഹ് അൽമുതൈരി സഹപ്രവർത്തകനുമായി ധാരണയിലെത്തി ഡ്യൂട്ടി മാറ്റിയത് വീരമൃത്യുവിലേക്കായി. റിയാദിൽ കുടുംബത്തിന്റെ അടുത്ത് ഓടിയെത്തുന്നതിനു വേണ്ടി ഹമാദ് അൽമുതൈരി സഹപ്രവർത്തകനുമായി ധാരണയിലെത്തി ഡ്യൂട്ടി ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. മുൻകൂട്ടി തയാറാക്കിയ ഷെഡ്യൂൾ പ്രകാരം ശനിയാഴ്ച പുലർച്ചെ മറ്റൊരു ഭടനാണ് ശലാഹ് അൽമുതൈരിയുടെ സ്ഥാനത്ത് ഡ്യൂട്ടി നിർവഹിക്കേണ്ടിയിരുന്നത്. എന്നാൽ മക്കളുടെ സമീപം ഒരു ദിവസം നേരത്തെയെത്തുന്നതിന് സഹപ്രവർത്തകനുമായി ധാരണയിലെത്തി ഹമാദ് ഡ്യൂട്ടികൾ പരസ്പരം മാറുകയായിരുന്നു. ഹമാദ് അൽമുതൈരി അവസാനം അയച്ച സന്ദേശത്തിലും കുടുംബത്തെ കാണുന്നതിനുള്ള അങ്ങേയറ്റത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സഹപ്രവർത്തകനുമായി ധാരണയിലെത്തി ഡ്യൂട്ടി നേരത്തെയാക്കിയ കാര്യം ഹമാദ് തങ്ങളെ അറിയിച്ചിരുന്നെന്ന് പിതൃസഹോദരപുത്രൻ സാലിം അൽമുതൈരി പറഞ്ഞു. എന്നാൽ ഡ്യൂട്ടി മാറ്റിയത് വീരമൃത്യുവിലേക്കുള്ള വഴിയായി. അഞ്ചു വർഷം മുമ്പ് വിവാഹിതനായ ഹമാദിന് മൂന്നു ആൺ മക്കളുണ്ട്. ഏറ്റവും ഇളയ മകൻ നായിഫിന് അഞ്ചു മാസം മാത്രമാണ് പ്രായം. ഹമാദിന്റെ പിതാവ് ഇരുപതു വർഷം മുമ്പ് മരണപ്പെട്ടതാണ്. സെക്കണ്ടറി പൂർത്തിയാക്കിയ ശേഷമാണ് ഹമാദ് നാഷണൽ ഗാർഡിൽ ചേർന്നത്. നാഷണൽ ഗാർഡിൽ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറുന്നതിനുള്ള അവസരങ്ങൾ ഹമാദ് നിരസിക്കുകയായിരുന്നെന്നും സാലിം അൽമുതൈരി പറഞ്ഞു.
ഹമാദിന്റെ സഹോദരൻ ഫാരിഅ് അൽമുതൈരി നാഷണൽ ഗാർഡിൽ നിന്ന് അടുത്തിടെ വിരമിച്ചതാണ്. ജിദ്ദ അൽസലാം കൊട്ടാരത്തിനു മുന്നിലാണ് ഫാരിഅ് അൽമുതൈരിയും സേവനമനുഷ്ഠിച്ചിരുന്നത്. താൻ ഡ്യൂട്ടിയിൽ നിന്ന് വിരമിച്ച അതേ കവാടത്തിനു മുന്നിൽ തന്നെ സഹോദരൻ വീരമൃത്യു വരിച്ചത് യാദൃഛികമായതായി ഫാരിഅ് അൽമുതൈരി പറഞ്ഞു.






