പൂനെ- ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി പുതുതായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിലും പരീക്ഷണത്തിന്. പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോർക്കുന്നത്. ലൈസൻസ് ലഭിച്ചാലുടൻ വാക്സിൻ പരീക്ഷണം തുടങ്ങും. ഇതുവരെ വികസിപ്പിച്ചെടുത്ത വാക്സിനുകളിൽ രോഗ പ്രതിരോധത്തിന് ഏറെ ഫലപ്രദമെന്ന് വിലയിരുത്തപ്പെടുന്ന വാക്സിനാണ് ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഗവേഷകർ കണ്ടെത്തിയത്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വളരെ അനുകൂല ഫലങ്ങളാണ് ലഭിച്ചിരുന്നത്. ഈ വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഈ വാക്സിൻ നിസാരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നുണ്ട്. എങ്കിലും ഇത് പാരാസെറ്റമോൾ കഴിക്കുന്നതിലൂടെ ലഘൂകരിക്കാവുന്നതാണെന്നും ഗവേഷകർ പറയുന്നു.
പരീക്ഷണങ്ങൾ പ്രതീക്ഷ നൽകുന്ന ഫലമാണ് തന്നിരിക്കുന്നതെന്നും ഇന്ത്യയിൽ പരീക്ഷണ ലൈസൻസ് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം അപേക്ഷ നൽകുമെന്നും സെറം ഇൻസ്റ്റിറ്റിയൂട്ട് മേധാവി അദർ പുനവാല പറഞ്ഞു. ലൈസൻസ് ലഭിച്ചാലുടൻ വാക്സിന്റെ വൻതോതിലുള്ള ഉൽപ്പാദനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്സിൻ എന്ന പ്രതിരോധ മരുന്നിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയതിനു പിന്നാലെയാണ് ഓക്സ്ഫെഡ് വാക്സിൻ പരീക്ഷണ ഫലം പുറത്തു വന്നത്. ഇന്ത്യൻ വാക്സിന്റെ ആദ്യ ഫലമറിയാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് ദൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറയുന്നു.






