മലയാള സിനിമയിലും കളങ്കിത പണം, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു 

കൊച്ചി-കളങ്കിത പണം മലയാള ചലച്ചിത്ര രംഗത്ത് എത്തുന്നുണ്ടെന്ന  വിലയിരുത്തല്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെതാണ്.പല നിര്‍മ്മാതാക്കളുടെയും പിന്നില്‍ ഗള്‍ഫിലെ സാമ്പത്തിക സ്രോതസാണ്.  തരുന്ന കാശിന്റെ ഉറവിടം പോലും നോക്കാതെയാണ് പല പ്രോജക്ടുകളിലും താരങ്ങളും സംവിധായകരും ഒപ്പ് വയ്ക്കുന്നത്.  കളങ്കിത പണം മലയാള സിനിമാ നിര്‍മാണത്തില്‍ മുടക്കിയിട്ടുണ്ടോയെന്ന് കേന്ദ്ര ഏജന്‍ഡസികള്‍ അന്വേഷിക്കുന്നുണ്ട്. ഫൈസല്‍ ഫരീദിനെ    ചോദ്യം ചെയ്യുന്നതോടെ, നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദുബായ് പോലീസാണ് ഇയാളെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നത്. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക് ഷോപ് എന്നിവയുടെ ഉടമ കൂടിയാണ് അദ്ദേഹം.
ഫൈസല്‍ ഫരീദ്, സിനിമാ മേഖലയില്‍ പണം മുടക്കിയതിനെ കുറിച്ചും ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. 4 മലയാളം സിനിമകള്‍ക്ക് പണം മുടക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അരുണ്‍ ബാലചന്ദ്രന്‍ വഴിയാണ് പണം മുടക്കിയിരിക്കുന്നത്. ഇതിന് പുറമെ മറ്റു ചില സിനിമകള്‍ക്കായും പണം മുടക്കിയോ എന്നത് സംബന്ധിച്ചും വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിവരുന്നത്. വിവാദ സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിനിമാ മേഖലയിലേക്ക് കൂടി നീണ്ടത് പല പ്രമുഖരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതില്‍ നിര്‍മ്മാതാക്കള്‍ മാത്രമല്ല, സൂപ്പര്‍ താരങ്ങളും സംവിധായകരും വരെ ഉള്‍പ്പെടും.
എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ്, ഡി.ആര്‍.ഐ ഡിപ്പാര്‍ട്ട് മെന്റുകള്‍ക്ക് പുറമെ ആദായ നികുതി വകുപ്പും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ സഹായിക്കാന്‍, ഐ.ബിയും റോയുമാണ് സജീവമായി രംഗത്തുള്ളത്. 
 

Latest News