വികാസ് ദുബെയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ നല്‍കാനാകില്ലെന്ന് സുപ്രിംകോടതി

ന്യൂദല്‍ഹി- ഗുണ്ടാനേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണസംഘത്തിന്റെ ഭാഗമാകാന്‍ സിറ്റിങ് ജഡ്ജിയെ വിട്ടുതരാന്‍ ആകില്ലെന്ന് സുപ്രിംകോടതി. റിട്ടയേര്‍ഡ് ജഡ്ജിയുടെയും വിരമിച്ച പോലിസ് ഓഫീസറുടെയും സേവനം ഉപയോഗപ്പെടുത്തണമെന്ന് യുപി സര്‍ക്കാരിനെ കോടതി ഉപദേശിച്ചു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റ് ജഡ്ജിമാര്‍ അലഹബാദിലേക്ക് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിനകത്തുള്ള റിട്ടയേര്‍ഡ് ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കോടതി ഈ നിലപാടെടുത്തത്. യുപി പോലിസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഹാജരായത്.

കേസില്‍ മറ്റ് വ്യക്തികളെ ഉള്‍പ്പെടുത്താന്‍ നോട്ടിഫിക്കേഷന്‍ ഇറക്കും. കോടതി കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.അതേസമയം വികാസ് ദുബെയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ആറ് തവണയാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയിട്ടുണ്ട്. ആകെ പത്ത് പരിക്കുകളാണ് വികാസ് ദുബെയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

രണ്ട് വെടിയുണ്ടകള്‍ ദുബെയുടെ നെഞ്ചിന്റെ ഇടത് വശത്തും ഒന്ന് തോളിന്റെ വലത് വശവും തുളച്ചു കടന്നുപോയി. അതേസമയം എത്ര ദൂരത്തില്‍ വെച്ചാണ് വെടിയേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നില്ല. എല്ലാ വെടിയുണ്ടകളും മുന്‍വശത്ത് നിന്നാണ് തുളച്ചുകയറിയതെന്നും റിപ്പോര്‍ട്ട ്‌വ്യക്തമാക്കുന്നു.
 

Latest News