ഫൈസല്‍ ഫരീദിനെ വീണ്ടും ചോദ്യം ചെയ്യുന്നു; കൈമാറ്റം വൈകിയേക്കും

അബുദാബി- യു.എ.ഇയില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറുന്നതു വൈകുമെന്ന് സൂചന. കുറ്റകൃത്യത്തില്‍ യു.എ.ഇയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം കൂടി കണ്ടെത്താന്‍ ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.  

ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യുന്നത്.  
യു.എ.ഇയുടെ ഔദ്യോഗിക മുദ്രകള്‍ വ്യാജമായി നിര്‍മിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വര്‍ണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസല്‍ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിന്റെ മൊഴി ഇന്ത്യക്കും യു.എ.ഇക്കും ഒരുപോലെ നിര്‍ണായകമാണ്. രണ്ട് രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.

 

Latest News