ദുബായ്- നഗരത്തില്‍ പട്ടാപകല്‍ 730,000 ദിര്‍ഹം കവര്‍ന്ന ഏഴംഗ സംഘം അറസ്റ്റിലായെന്ന് ദുബായ് പോലീസ് അറിയിച്ചു. പോലീസ് വേഷത്തില്‍ ദുബായിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയാണ് സംഘം ഇത്രയും തുക കവര്‍ന്ന് കടന്നുകളഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ദുബായ് നഗരത്തെ നടുക്കിയ കവര്‍ച്ച നടന്നത്.
അല്‍മുറഖബാത്ത് ഏരിയയില്‍ രണ്ട് ലക്ഷം യു.എസ് ഡോളര്‍ മാറണമെന്ന് ആവശ്യപ്പെട്ട് ഒരു ഉപയോക്താവിനെ സന്ദര്‍ശിക്കാന്‍ തിരിച്ചതായിരുന്നു മണി എക്‌സ്‌ചേഞ്ച് ജീവനക്കാര്‍.
നിശ്ചയിച്ച സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് മുമ്പിലും പിറകിലുമായി രണ്ട് കാറുകള്‍ തങ്ങളുടെ വാഹനം ബ്ലോക്ക് ചെയ്യുകയും അതില്‍നിന്ന് ഇറങ്ങിയ രണ്ട് പേര്‍ ഐ.ഡി കാണിച്ച് തങ്ങള്‍ പോലീസുകാരാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് 43 കാരനായ ഒരു ജീവനക്കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷാര്‍ജയില്‍ താമസിക്കുന്ന 37 കാരനാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കവര്‍ച്ചാസംഘത്തിലെ മൂന്ന് യു.എ.ഇക്കാരും ഒരു സിറിയന്‍ വംശജനും രണ്ട് കാമറൂണ്‍ വംശജരും പിടിയിലായത്. മോഷണ മുതല്‍ മുഴുവന്‍ കണ്ടെടുക്കാന്‍ സാധിച്ചതായും ദുബായ് പോലീസ് വക്താവ് അറിയിച്ചു.