പയ്യന്നൂര്‍- പ്രവാസിയുടെ പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. നാല് ലക്ഷത്തോളം രൂപയും ചെക് ബുക് അടക്കമുള്ള രേഖകളും നഷ്ടമായി. ദേശീയ പാതയോരത്ത് കരിവെള്ളൂര്‍ പാലക്കുന്നിലാണ് സംഭവം.
സ്ഥാപനത്തിന്റെ ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. രാവിലെ സ്ഥാപനത്തിലെത്തിയ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹാമര്‍ ഉപയോഗിച്ച് ഷട്ടറും ഇതിനകത്തെ ഗ്ലാസ് കാബിനും തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയും ചെക് ബുക്ക് അക്കമുള്ള രേഖകളടങ്ങിയ ബാഗും നഷ്ടമായി.
പയ്യന്നൂര്‍ കണ്ടോത്തെ നീലിന സുധാകരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. നീലിനയും ഭര്‍ത്താവും ഗള്‍ഫിലാണ്. ഓഫീസിനകത്തും പുറത്തുമുള്ള സി.സി.ടി.വി ക്യാമറകള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളും മോഷ്ടാവ് നടത്തി. ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവ് സ്ഥാപനത്തിന്റെ ഷട്ടര്‍ തുറക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പയ്യന്നൂര്‍ സി.ഐ എം.സി. പ്രമോദും വിരലടയാള വിദഗധരും പോലീസ് നായയും തെളിവെടുത്തു.