പാലക്കാട്- സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈനിലിരിക്കേ തൂങ്ങിമരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മരിച്ച കുനിശ്ശേരി പുതുവളവ് പരേതനായ പരേതനായ സുന്ദരന്റെ മകന് മുരളിയുടെ (40) പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.
സൗദിയില്‍ ടൈലര്‍ ജോലി ചെയ്തിരുന്ന മുരളി ഈ മാസം അഞ്ചിനാണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ട യുവാവ് പ്രവാസി സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടതില്‍ ഏറെ വിഷമിച്ചിരുന്ന യുവാവ് ക്വാറന്റൈനില്‍ ഇരിക്കുമ്പോള്‍ മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായി പോലീസ് പറഞ്ഞു. താമസിച്ചിരുന്ന മുറിയില്‍ പകല്‍ സമയത്തായിരുന്നു ആത്മഹത്യ. ഭാര്യയും രണ്ട് മക്കളുമുണ്ട്. മുരളിയുടെ മരണം കോവിഡ് മരണത്തിന്റെ പട്ടികയില്‍ വരില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.






