ദുബായ്- കോവിഡ് മഹാമാരിക്കെതിരെ വികസിപ്പിക്കുന്ന വാക്‌സിൻ നിർമാണത്തിന്റെ നിർണായക ഘട്ടത്തിൽ യു.എ.ഇ. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന്റെ മൂന്നാംഘട്ടത്തിന് അബുദാബിയിൽ തുടക്കമായി. 15,000 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുന്നത്.
അബൂുദാബി ആരോഗ്യവകുപ്പ്, അബുദാബി ആസ്ഥാനമായ ടെക് ഫോം ഗ്രൂപ്പ് (ഗ്രൂപ്പ് 42), ചൈനീസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ സിനോഫാം എന്നിവ ചേർന്നാണ് വാക്‌സിൻ നിർമിക്കുന്നത്. പരീക്ഷണം ലോകാരോഗ്യ സംഘടനക്കു കീഴിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
18-60 വയസ്സു പ്രായമുള്ളവർക്കിടയിലാണ് മരുന്ന് പരീക്ഷിക്കുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽഹമദ് ആണ് വാക്‌സിൻ സ്വീകരിച്ച ആദ്യത്തെ വളണ്ടിയർ. ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ.ജമാൽ അൽകഅ്ബിയും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. മൂന്നു മുതൽ ആറു മാസം വരെ ക്ലിനിക്കൽ പരീക്ഷണം നീണ്ടു നിൽക്കുമെന്ന് അബുദാബി സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വാക്‌സിന്റെ ആദ്യ രണ്ടു ഘട്ട പരീക്ഷണം വിജയകരമായി ചൈനയിൽ നടന്നിരുന്നു. ഇതിനു ശേഷമാണ് പരീക്ഷണം യു.എ.ഇയിലെത്തിയത്. അബുദാബിയിലെയും അൽഐനിലെയും അഞ്ച് സർക്കാർ ക്ലിനിക്കുകൾ, ഒരു മൊബൈൽ ക്ലിനിക്ക് എന്നിവ പരീക്ഷണത്തിനായി മാറ്റിവെച്ചിരിക്കുകയാണ്.






