മസ്‌കത്ത്- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍, സന്ദര്‍ശന വിസകള്‍ പുതുക്കുന്നതിന് നല്‍കിയ ഇളവുകള്‍ അവസാനിച്ചു. ജൂലൈ 15ന് ഇളവുകള്‍ തീര്‍ന്നതോടെ പുതുക്കാത്ത വിസകളില്‍ പിഴയീടാക്കി തുടങ്ങി. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പിഴ ബാധകമല്ലെന്ന് റോയല്‍ ഒമാന്‍ (ആര്‍.ഒ.പി) പോലീസ് വ്യക്തമാക്കി.
ആര്‍.ഒ.പി മസ്‌കത്തില്‍ കൂടുതല്‍ സേവനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അല്‍ഖൂദ്, അമിറാത്ത്, മബേല, ഖുറിയാത്ത് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒപ്പം പുതുതായി തുറന്ന അസൈബ, ദാഖിലിയയിലെ അല്‍ഹംറ പോലീസ് സ്റ്റേഷന്‍, ദോഫാറിലെ മര്‍മൂല്‍ എന്നിവിടങ്ങളിലും റെസിഡന്റ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം. കോവിഡ് മൂലം മൂന്ന് മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്ന സേവനകേന്ദ്രങ്ങള്‍ ഈ മാസം മുതലാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.
താമസ വിസ പുതുക്കുന്നതിന് സേവന കേന്ദ്രത്തില്‍ തന്നെ എത്തേണ്ടതുണ്ട്. ഇത് ഓണ്‍ലൈന്‍ വഴി ചെയ്യാനാകില്ലെന്ന് ആര്‍.ഒ.പി അറിയിച്ചു. എന്നാല്‍ കാലാവധി കഴിഞ്ഞ സന്ദര്‍ശന വിസകളാണെങ്കില്‍ അവ ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കും.






