Sorry, you need to enable JavaScript to visit this website.

സുഗന്ധപൂരിതമാവട്ടെ, ഉള്ളും പുറവും 

സന്തോഷം സുഗന്ധം പോലെയാണ്. പകരുന്നയാളിൽ അൽപ്പമെങ്കിലും പടരാതെ ആർക്കുമത് പകർന്നുകൊടുക്കാൻ കഴിയില്ല എന്ന് പറയാറുണ്ട്. സുഗന്ധപൂരിതമായ ഇടങ്ങളിലെത്തുമ്പോൾ ആരിലും ഒരു പൂത്തനുണർവ് സംഭവിക്കും. വളരെ മുമ്പ് തന്നെ മനുഷ്യർ സുഗന്ധസ്‌നേഹികളായിരുന്നു. 
ലോക ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ സുഗന്ധ നിർമ്മാതാവ് ബി.സി ആയിരത്തി ഇരുനൂറിൽ ജീവിച്ച ബാബിലോണിയക്കാരിയായ തപ്പുട്ടി എന്ന ഒരു വനിതയാണ്. മെസപൊട്ടോമിയൻ സർക്കാരിലും മതകാര്യങ്ങളിലും ഇവർ ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. മനുഷ്യ ജീവിതത്തിൽ സുഗന്ധങ്ങൾക്കുള്ള സ്ഥാനം നിസ്സാരമല്ല എന്ന് ബോധ്യപ്പെടാൻ ഇത് തന്നെ ധാരാളം മതി. 
ടിപ്പു സുൽത്താന്റെ കൊട്ടാരത്തിലെ സുഗന്ധ സാമഗ്രികൾ കൈകാര്യം ചെയ്തവരായിരുന്നു തന്റെ പൂർവ്വീകരെന്ന് വയനാട് മുട്ടിൽ ഓഫനേജ് സ്ഥാപനങ്ങളുടെ ആദരണീയനായ സാത്വിക സാരഥി ജമാൽ സാഹിബ് അഭിമാനപൂർവ്വം പറയാറുള്ളത് ഓർമ്മയിലെത്തുന്നു. 


സുഗന്ധധൂമങ്ങളാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചത്. പിന്നീട് ഗ്രീക്ക് കാർ ദ്രാവക രൂപത്തിലുള്ള വാസനതൈലങ്ങൾ ഉപയോഗിച്ച് തുടങ്ങി. അറബികൾ ആരംഭിച്ച ഡിസ്റ്റിലേഷൻ പ്രക്രിയയിലൂടെയാണ് സുഗന്ധ നിർമ്മാണം വ്യാപകമായത്. പുതിയ കാലത്ത് മുല്ലയും പനിനീരും ചന്ദനവുമുൾപ്പടെ പ്രകൃതിദത്ത സുഗന്ധങ്ങളും രാസനിർമ്മിത സുഗന്ധങ്ങളും ധാരാളമായി നമുക്ക് ലഭ്യമാണ്. സ്വയം ആകർഷണീയമാക്കാനും ആത്മസംഘർഷങ്ങൾക്ക് അയവ് വരുത്താനും ഊർജസ്വലത കൈവരിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും നല്ല പരിമളങ്ങൾ ഏറെ സഹായിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വാനില സെന്റ് പൂശിയ പശ്ചാതലത്തിൽ എം.ആർ. ഐ. സ്‌കാനിങ്ങിന് വിധേയമാക്കപ്പെട്ട 63 ശതമാനം രോഗികളിൽ മനസ്സഘർഷം വളരെ കുറഞ്ഞതായി തെളിഞ്ഞിട്ടുണ്ട്.


സുഗന്ധം സംഗീതം പോലെയാണ്. സംഗീതത്തിന് വിവിധ സ്വരഭേദങ്ങൾ ഉള്ളത് പോലെ സൗരഭ്യത്തിനും വിവിധ തലങ്ങളുണ്ട്. പുരട്ടുന്നതിന് മുമ്പ് വാസനിക്കുന്ന സുഗന്ധം ഉച്ചസ്ഥായിയിലും പൂശിയതിന് ശേഷം തൊലിയോട് ചേർന്ന് ഒട്ടൊന്ന് മൃദുവായി പാകമാവുമ്പോൾ മധ്യമാവസ്ഥയിലും ഉണങ്ങി പരുവപ്പെട്ടതിന് ശേഷമത് നീച സ്ഥായിയിലുമാണത്രെ. ചർമ വ്യത്യാസമനുസരിച്ച് ഒരേ സുഗന്ധം തന്നെ പലരിലും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുക. 


സുഗന്ധ ലേപനങ്ങളുടെ തെരഞ്ഞെടുപ്പും പ്രയോഗവും ഒരു കലയാണ്. ഒരു പരിഗണനയുമില്ലാതെ സുഗന്ധങ്ങൾ അമിതമായി ഉപയോഗിക്കുന്ന അരസികർ ഈ സാധ്യതയെ കൊല ചെയ്യുന്നത് കാണാം. ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സുഗന്ധങ്ങൾ ഷോപ്പിംഗ് മാളുകളിലും റെസ്‌റ്റോറന്റുകളിലും ഉപയോഗിക്കുന്നവർ ചെയ്യുന്നത് വലിയ ദ്രോഹമാണ്. ചില വാസനകൾ ചിലർക്ക് അലർജിയാ ണെന്നത് കൂടി സ്‌പ്രേയും ഊദും അത്തറും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. മറ്റു പ്രകടമായ കാരണങ്ങളൊന്നുമില്ലാതെ നിങ്ങളുടെ സാന്നിധ്യം ഇണ, സഹപ്രവർത്തകർ, സഹയാത്രികർ എന്നിവരിൽ വല്ല വിമ്മിട്ടത്തിനും ഇടയാക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ താങ്കളുടെ വിയർപ്പ്, അല്ലെങ്കിൽ താങ്കൾ തെരഞ്ഞെടുത്ത സുഗന്ധം ഹൃദയഹാരിയല്ലെന്ന് തിരിച്ചറിയണം. 


ശരീരം മാത്രം വാസനാ പൂരിതമാക്കിയാൽ പോരാ. ഉയർന്ന വൃത്തിബോധത്തിലൂടെയും ഉത്തരവാദിത്തത്തോടെയുള്ള മാലിന്യ നിർമാർജ്ജനത്തിലൂടെയും പരിസര ശുചിത്വത്തിനു ഊന്നൽ നൽകി അന്തരീക്ഷം കൂടി വാസയോഗ്യമാക്കണം. മാന്യമായ വാക്കും പുഞ്ചിരിയും ഗുണകാംക്ഷയുള്ള കർമവും ഏത് അത്തറിനേക്കാളും മികച്ച സ്‌നേഹ കാരുണ്യസുഗന്ധിയായിരിക്കുമെന്നത് മറക്കരുത്. സുഗന്ധങ്ങൾ മനുഷ്യനിൽ ഉത്തേജിപ്പിക്കുന്ന വികാരങ്ങൾ പലതാണ്. വിവിധ സന്ദർഭങ്ങളിൽ പല സാന്നിധ്യങ്ങളിൽനിന്ന് നാം ആസ്വദിച്ച പരിമളങ്ങൾ ആ സന്ദർഭങ്ങളെ കുറിച്ചും സാന്നിദ്ധ്യങ്ങളെ കുറിച്ചുമുള്ള ഓർമ്മകൾ നമ്മിലേക്ക് തിരികെയെത്തിക്കും.
'പൂവ് കൊഴിഞ്ഞിട്ടും ബാക്കിയായ പരിമളം തേടും മന്ദമാരുതനിന്നലെ സ്‌നേഹത്തിനുദ്യാനത്തിൽ 
എന്നെ ചുംബിച്ചു.' എന്ന് കവി കെ.ടി സൂപ്പി എഴുതിയതിന്റെ പൊരുൾ നാമോരോരുത്തരും പലപ്പോഴായി അനുഭവിച്ചിട്ടുണ്ടായിരിക്കണം.

Latest News