ആധുനിക കാലത്ത് എഴുത്തിലും, സാമൂഹ്യ സേവന രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിക്കുന്ന യുവ പ്രതിഭയാണ് ഷിബിലി സുലൈമാൻ. മലപ്പുറം മങ്കട സ്വദേശിയായ പനങ്ങാടൻ സുലൈമാന്റെയും ഉമ്മു കുൽസുവിന്റെയും മൂത്ത മകനായ ഷിബിലിയുടെ പഠനം ആറാംതരം വരെ മങ്കട എ.എം.യു.പി സ്കൂളിലായിരുന്നു. തുടർന്ന് പിതാവ് ജോലിചെയ്തിരുന്ന സൗദി അറേബ്യയിലേക്ക് കുടുംബസമേതം യാത്ര. അവിടെ ജിദ്ദയിലെ അൽ മവാരിദ് സ്കൂളിൽ പത്തംതരം വരെയുള്ള പഠനം. തിരികെ നാട്ടിൽ എത്തിച്ചേർന്നു. പ്ലസ് ടു പഠനകാലത്ത് പഠനം തൽക്കാലം മാറ്റിവെച്ച് വീണ്ടും സൗദിയുടെ മണ്ണിലേക്ക്. ഈ യാത്രയിലാണ് ഷിബിലിയിലെ എഴുത്തുകാരൻ പിറവികൊണ്ടത്. മനസ്സിൽ കോറിയിട്ട വരികൾ അങ്ങനെ ഫെയ്സ്ബുക് പേജിൽ കോറിയിട്ടു. ആദ്യനാളിൽ പ്രണയവും വിരഹവും മഴയുമൊക്കെയായിരുന്നു ഷിബിലിയുടെ ഇഷ്ട വിഷയങ്ങൾ. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പ്രോത്സാഹനം കൂടിയായപ്പോൾ വീണ്ടുംവീണ്ടും എഴുതാനുള്ള ഊർജം കിട്ടിക്കൊണ്ടേയിരുന്നു. എഴുത്തിന്റെ ആദ്യനാളിൽ നീണ്ടകവിതകൾ ആയിരുന്നു എഴുതിക്കൊണ്ടിരുന്നത്. പിന്നീട് കാച്ചിക്കുറുക്കിയ കവിതപോലെ ഹൈക്കു കവിതകളെ പ്രണയിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു ആ തൂലിക.
സുഹൃത്തുക്കളുടെ പ്രേരണയാൽ മൊബൈൽ കീപാഡിൽ വിരിഞ്ഞ കവിതകൾക്ക് അച്ചടിമഷിയുടെ നിറസൗന്ദര്യം നിറച്ച് പുസ്തകരൂപത്തിൽ പിറവികൊള്ളാനുള്ള ചിന്ത മനസ്സിൽ രൂപം കൊണ്ടു. പല ദിനങ്ങളിലായി എഴുതിയ ഹൈക്കു കവിതകളിലെ മികച്ച എൺപത്തിരണ്ടോളം ഹൈക്കു കവിതകൾ ക്രോഡീകരിച്ച് അക്കൽദാമയിലെ മണൽത്തരികൾ എന്ന കവിതാ സമാഹാരം പിറവിയെടുത്തു. യേശുവിനെ ഒറ്റുകൊടുത്തതിന് ലഭിച്ച പണം കൊണ്ട് യൂദാസ് വാങ്ങിയ ഭൂമി എന്നർത്ഥം വരുന്ന അക്കൽദാമ (നിണമണിഞ്ഞ ഭൂമി ) എന്ന പദമാണ് തന്റെ കവിതാസമാഹാരത്തിനായി ഷിബിലി തെരഞ്ഞെടുത്തത്. ആ മണ്ണിൽ യേശുവിന്റെ നിണം എന്നപോലെ കാവ്യസമാഹാരത്തിൽ ഷിബിലിയുടെ ജീവിതത്തിന്റെ പ്രതിച്ഛായ തന്നെ പതിഞ്ഞു കിടപ്പുണ്ട്. പുസ്തകത്തിനു സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വീകാര്യത ലഭിച്ചു.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ഷിബിലിക്ക് എന്നും ഒരു എഴുത്തുകാരനായി ഒതുങ്ങിക്കൂടാൻ ആഗ്രഹമില്ലായിരുന്നു. എഴുത്ത് എന്നും വായനക്കാരോട് മാത്രം ചേർന്ന് നിൽക്കുന്നതാണ്. എന്നാൽ പാവപ്പെട്ടവന് എന്തെങ്കിലും ഉപകാരം ചെയ്യുമ്പോഴാണ് തന്നെ മറ്റുള്ളവർക്ക്കൂടി ഉപകരിക്കൂ എന്ന ചിന്താഗതിയാണ് സാമൂഹ്യ പ്രവർത്തനത്തിലേക്ക് തിരിയാൻ ഷിബിലിയെ പ്രേരിപ്പിച്ചത്.
പെരിന്തൽമണ്ണയുടെ പരിസര പ്രദേശങ്ങളിൽ ഭിക്ഷാടകർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടായിരുന്നു ജീവകാരുണ്യ മേഖലയിലേക്കുള്ള പ്രവേശനം. ഒരു പൊതി ഒരു വയർ എന്ന പദ്ധതി സുമനസ്സുകളുടെ സഹായം കൊണ്ട് വിജയമായി. ഭക്ഷണവിതരണം പോലെ പ്രധാനമാണ് രോഗികൾക്കുള്ള ചികിത്സാ സഹായവും എന്ന് മനസ്സിലാക്കിയ ശിബിലി മലാപ്പറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജുമായി സഹകരിച്ചു നൂറ് ഡയാലിസിസ് രോഗികൾക്ക് ചികിത്സാസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും നൂറ്റിനാൽപതോളം പേർക്ക് ചികിത്സാ സഹായം നൽകുകയും ചെയ്തു. പിന്നീട് ആശുപത്രി സൂപ്രണ്ട് നിർദ്ദേശിച്ചത് പ്രകാരം കാൻസർ രോഗികൾക്ക് കീമോ ചെയ്യുന്നതിനുള്ള സഹായങ്ങളും എത്തിക്കാൻ ഷിബിലിക്കായി. അതോടൊപ്പം പാലിയേറ്റിവ് മേഖലയിലും ഷിബിലിയുടെ സേവനം സ്തുത്യർഹം തന്നെയാണ്. ആർക്കാണോ സഹായം ആവശ്യമുള്ളത് അവർക്കായി സഹായം ചെയ്യാൻ ഷിബിലി സദാ തയ്യാറുമാണ്. ഷിബിലി സമാഹരിക്കുന്ന തുക നേരിട്ട് ആശുപത്രി അധികൃതർക്ക് നൽകുകയാണ് ചെയ്യുന്നത്. വേദനിക്കുന്ന ആ മനസ്സുകളുടെ ദൈന്യത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പേരും പെരുമയും നേടാനുള്ള വഴിയേ ഷിബിലി സഞ്ചരിക്കാറുമില്ല. ഇനിയുമേറെ പ്രവർത്തനങ്ങൾ വേദനിക്കുന്ന മനസ്സുകൾക്കായി ചെയ്യാൻ ഷിബിലി കൂടുതൽ സജ്ജമാണ്.
പുസ്തകമിറങ്ങിയ ശേഷം നിരവധി അംഗീകാരങ്ങളും ആദരങ്ങളും തേടിയെത്തിയിട്ടുണ്ട്. ജെ.സി.ഐ മങ്കട ചാപ്റ്റർ, എൻ.സി.ടി സ്കൂൾ, അൽ അമീൻ സ്കൂൾ, മങ്കട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അൻവർ ഇംഗ്ലീഷ് സ്കൂളിലെ ആർട്സ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്താൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമാണ്- ഷിബിലി പറയുന്നു.
മൽക്കാ ദ്വീപിന്റെ പരിണാമം എന്ന മനോഹരമായ ജീവിത മുഹൂർത്തങ്ങൾ അടങ്ങിയ പുതിയ നോവലിന്റെ പണിപ്പുരയിൽ ആണ് ഷിബിലി ഇപ്പോൾ. എഴുത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായി നിൽക്കുന്ന ഷിബിലി സുഹൃത്തുക്കളുടെ സഹകരണത്തോടെ ചാരിറ്റി സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനം സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്. പഠനവും സജീവമായി കൊണ്ട് പോകുന്ന ഷിബിലി സോഷ്യോളജിയിൽ ബിരുദവും മൾട്ടി മീഡിയയിൽ ഡിപ്ലോമയും ചെയ്തതിനു ശേഷം ഇന്റീരിയർ ഡിസൈനിങ്ങിൽ എം.ഡി ചെയ്യുകയാണ്.






