സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ റെയ്ഡ്

തൃശൂര്‍-സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് വകുപ്പിന്റെ റെയ്ഡ്. മൂന്നുപീടികയിലെ വീട്ടിലാണ് റെയ്ഡ്. അടച്ചിട്ട വീടിന്റെ താക്കോല്‍ സമീപത്തെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുന്ന വീടാണിത്. ഫൈസല്‍ ഫരീദിന്റെ മാതാപിതാക്കളും ഗള്‍ഫിലാണ് ഉള്ളത്. ഏതെങ്കിലും വിധത്തിലുള്ള രേഖകളോ തെളിവുകളോ കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് പരിശോധന നടത്തുന്നത്. റെയ്ഡിന് ശേഷം ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് വിവരം.

അതേസമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷന്‍ ബ്യൂറോയെയും യുഎഇ സര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്‍.ഐ.എ വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ ദുബായില്‍ നിന്നും ഇന്ത്യയിലെത്തിക്കാനാണ് നടപടി.ഇതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെ യു.എയഇ പൊലീസ് ചോദ്യം ചെയ്തതായും വിവരമുണ്ട്. ഫൈസലിന് യുഎഇ യാത്രാവിലക്കും ഏര്‍പ്പെടുത്തി.

Latest News