യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി; കൈ മുറിവേറ്റ നിലയില്‍

തിരുവനന്തപുരം-കാണാതായ യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കണ്ടെത്തി. കൈയ്യില്‍ മുറിവേറ്റ നിലയിലാണ് കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തിയത്. വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.ഇടത് കൈ മുറിഞ്ഞ നിലയില്‍ അവശനിലയിലായിരുന്നു അദ്ദേഹത്തെ ലഭിച്ചത്. പോലിസ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുമ്പയിലുള്ള ഭാര്യ വീട്ടില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്ക് പോലീസ് കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നു.
കോണ്‍സുല്‍ ജനറലിന്റെ ചുമതലയുണ്ടായിരുന്ന അറ്റാഷെ മടങ്ങിപ്പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ്, പോലീസ് എത്തി ഗണ്‍മാന്റെ വീട്ടില്‍നിന്ന് തോക്ക് തിരിച്ചെടുത്തത്. ഗണ്‍മാന് ടെലിഫോണ്‍ വഴി ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.പോലീസുകാരാണ് വട്ടിയൂര്‍കാവിലെ വീട്ടിലെത്തി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന ഗണ്‍മാനെ തുമ്പയിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്.

Latest News