പാലത്തായി പീഡനക്കേസ് ദുര്‍ബലമാക്കിയതില്‍ വ്യാപക പ്രതിഷേധം; പോലീസിനെ വിമര്‍ശിച്ച് സി.പി.എമ്മുകാരും

കണ്ണൂര്‍- പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനും അധ്യാപകനുമായ കടവത്തൂര്‍ സ്വദേശി കുനിയില്‍ പത്മരാജന്  ജാമ്യം ലഭിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ പോലും പോലീസിലെ സംഘികളെ കുറ്റപ്പെടുത്തിയാണ് പ്രതികരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനേയും ആഭ്യന്തര വകുപ്പിനേയും പ്രതിക്കൂട്ടിലാക്കിയാണ് സോഷ്യല്‍ മീഡിയയിലെ രോഷം.   

വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന്  സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരില്‍നിന്നും പോലീസില്‍നിന്നും സംരക്ഷണം ലഭിച്ചുവെന്നാണ് കേസിന്റെ തുടക്കംമുതലുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശം.   

സംഭവം റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സ്‌കൂളിലെ ശുചിമുറിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നിട്ടും കേസെടുക്കാനും പ്രതിയെ അറസ്റ്റു ചെയ്യാനും വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരേണ്ടിവന്നു.

സ്‌റ്റേഷനില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒരു മാസം പിന്നിട്ട ശേഷമാണ് പാനൂര്‍ പോലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച  കുറ്റപത്രമാണ് പ്രതിക്ക് ജാമ്യം എളുപ്പമാക്കിയത്. പോലീസ് ഒമ്പതു തവണ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തിരുന്നു. ആവര്‍ത്തിച്ച് ചോദ്യം ചെയ്ത് പെണ്‍കുട്ടിയെ പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചും വിവിധ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

പാനൂര്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു ശേഷമാണ് കേസ് െ്രെകംബ്രാഞ്ചിന് വിട്ടത്. എന്നാല്‍, െ്രെകംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ പാനൂര്‍ പോലീസ് ചുമത്തിയ പോക്‌സോ വകുപ്പുപോലും ഇല്ലാതായി.

 

Latest News