കൊച്ചി- സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽനിന്ന് യു.ഡി.എഫ് പിന്തിരിഞ്ഞത് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ആശ്വാസമായി. ഹൈക്കോടതി വിധി മാനിച്ചും കോവിഡ് വ്യാപനം കണക്കിലെടുത്തും സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂലൈ 31 വരെ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന സമര പരിപാടികൾ മാറ്റിവെച്ചതായാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വിദ്യാർഥി-യുവജന സംഘടനകളുടെ സമരങ്ങളും മാറ്റിവെക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മറയാക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും യു.ഡി.എഫ് തയാറല്ലെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു. അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിന്റെ കള്ളക്കടത്ത് ബാന്ധവം യു.ഡി.എഫ് തുറന്നുകാട്ടും. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി മറച്ചു വെച്ചത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ മതിയായ കരണമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിവരക്കേടാണ്. സ്പ്രിംഗ്ലർ ഇടപാടിൽ ശിവശങ്കറിനെ വെള്ള പൂശിയ മുഖ്യമന്ത്രി അതേ മാർഗത്തിലൂടെ വീണ്ടും രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി അവിഹിതമായി ശിവശങ്കറിനെ സഹായിക്കുകയാണ്. സിവിൽ സർവീസ് ചട്ടം അനുസരിച്ച് ശിവശങ്കറിനെതിരെ നടപടി എടുക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി ജലീൽ കണക്കപ്പിള്ളയല്ലെന്നും സ്വപ്ന വിളിച്ചാൽ ഓടിച്ചെല്ലേണ്ടയാളല്ല സംസ്ഥാന മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഏത് കോൺസുലേറ്റ് ആയാലും എന്ത് സഹായം നൽകിയാലും അത് രാജ്യങ്ങൾ തമ്മിലുള്ള ഇടപാടാണ്. മന്ത്രിയെയല്ല സെക്രട്ടറി തലത്തിലാണ് കോൺസുലേറ്റ് ഇത്തരം കാര്യങ്ങൾ അറിയിക്കേണ്ടത്.
ഇക്കാര്യത്തിൽ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും യു.ഡി.എഫ് കൺവീനർ ആരോപിച്ചു. യു.എ.ഇ കിറ്റ് എവിടെയാണ് വിതരണം ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കണം. പി.എസ്.സിയെ പോലും നോക്കുകുത്തിയാക്കി ഇടനിലക്കാരെ തിരുകിക്കയറ്റാൻ ഐ.ടി വകുപ്പിനെ മറയാക്കുന്നു. മുഖ്യമന്ത്രി ആരോപിക്കും പോലെ നാക്കിന് എല്ലില്ലാത്തത് കൊണ്ടല്ല, നട്ടെല്ല് വളയാത്തത് കൊണ്ടാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു. സ്പ്രിംഗ്ലർ ഇടപാട് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ രാജീവ് സദാനന്ദനെ മുഖ്യമന്ത്രി ഉപദേഷ്ടാവായി നിയമിച്ചതും സംശയാസ്പദമാണ്. ഇത്രയും വിവാദമായ കാര്യങ്ങൾ കാബിനറ്റിൽ മറച്ചു വെച്ച പശ്ചാത്തലത്തിൽ സി.പി.ഐ മൗനം വെടിയാൻ തയാറാവണം. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ സി.പി.എം കേന്ദ്ര നേതൃത്വം തയാറാകണമെന്നും യു.ഡി.എഫ്
കൺവീനർ ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ പിണറായി വിജയനെതിരെ സി.പി.എം നടപടിയെടുക്കണമെന്നും ബെന്നി ബഹനാൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണ്. സംസ്ഥാനത്തു കോവിഡ് രോഗികൾ പോലും സമരം ചെയ്യേണ്ട ഗതികേടിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ചയാണ് സമൂഹ വ്യാപനം വർധിക്കാൻ കാരണമെന്നും യു.ഡി.എഫ് കൺവീനർ ആരോപിച്ചു. യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ, ടി.ജെ വിനോദ് എം.എൽ.എ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






