ശൈഖ് മുഹമ്മദ് അറബ് നേതാക്കളിലെ ട്വിറ്റര്‍ താരം

ദുബയ്- യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അറബ് ലോകത്ത് ഏറ്റവുമധികം ട്വിറ്റര്‍ ഫോളോവേഴ്‌സുള്ള അറബ് നേതാവ്. അദ്ദേഹത്തിന്റെ ട്വിറ്റര്‍  ഫോളോ ചെയ്യുന്നത് 8.43 ദശലക്ഷം പേരാണ്. ഇതോടെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോക നേതാക്കളില്‍ പത്തമാനായി ശൈഖ് മുഹമ്മദ്. ജനങ്ങളോടും മാധ്യമങ്ങളോടും ആഗോള സമൂഹത്തോടും വേഗത്തില്‍ സംവദിക്കാന്‍ അവസരമൊരുക്കുന്ന ഒരു മാധ്യമമെന്ന നിലയിലാണ് ലോക നേതാക്കള്‍ ട്വിറ്ററിനെ ഉപയോഗപ്പെടുത്തുന്നത്.

 

യുഎഇയില്‍ നയപരമായ തീരുമാനങ്ങളടക്കം സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളെല്ലാം പ്രഖ്യാപിക്കുന്നത് ട്വിറ്റര്‍ വഴിയാണ്. സന്തോഷത്തിനും സഹിഷ്ണുതയ്ക്കുമായി നേരത്തെ ഒരു മന്ത്രാലയം തന്നെ രൂപീകരിച്ച വിവരം സര്‍ക്കാര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

 

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിപ്ലോമസി എന്ന സ്ഥാപനമാണ് സര്‍ക്കാരുകളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും ട്വിറ്റർ ഉപയോഗം വിശകലനം ചെയ്ത് കണക്കുകള്‍ അവതരിപ്പിക്കുന്നത്. ആഗോള തലത്തില്‍ ഏറ്റവുമധികം ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മൂന്നാം സ്ഥാനത്ത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എട്ടാം സ്ഥാനത്തുണ്ട്. 

 

Latest News