Sorry, you need to enable JavaScript to visit this website.

200 ദശലക്ഷം മനുഷ്യരുടെ ജീവനെടുത്ത കറുത്ത മരണം വീണ്ടും

വാഷിങ്ടന്‍- നാള്‍ക്കുനാള്‍ ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഏകദേശം ആറു മാസത്തിലേറെയായി കോവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകജനത. പൊതുജനങ്ങളുടെ സാധാരണ ജീവിതവും സമ്പദ് വ്യവസ്ഥയുമെല്ലാം കോവിഡ് മഹാമാരി തകിടംമറിച്ചു. ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി കോവിഡിനെ 'ഫഌറ്റന്‍ ദ് കര്‍വ്' ആക്കാനുള്ള ശ്രമത്തിനിടെയാണ് ലോകത്തെ ഞെട്ടിച്ച മറ്റൊരു വ്യാധിയുടെ പിറവി. ലക്ഷക്കണക്കിനു മനുഷ്യരെ ഇല്ലാതാക്കിയ ബ്യുബോണിക് പ്ലേഗ് ആണ് വീണ്ടും സാന്നിധ്യം അറിയിച്ചത്. 'കറുത്ത മരണം' എന്നറിയപ്പെട്ടിരുന്ന പ്ലേഗ് യൂറേഷ്യയിലും ദക്ഷിണ ആഫ്രിക്കയിലുമായി 200 ദശലക്ഷത്തോളം മനുഷ്യരുടെ ജീവനെടുത്തെന്നാണു കണക്ക്.ചൈനയില്‍ ബ്യുബോണിക് പ്ലേഗ് കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ യുഎസിലും അസുഖം സ്ഥിരീകരിച്ചതായാണ് വിവരം.
കൊളറാഡോയിലെ ഒരു അണ്ണാനിലാണു വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. മോറിസന്‍ നഗരത്തില്‍ ജൂലൈ 11ന് ആണ് അണ്ണാനില്‍ പ്ലേഗ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പ്ലേഗാണിതെന്നു ജെഫേഴ്‌സണ്‍ കൗണ്ടി പബ്ലിക് ഹെല്‍ത്ത് (ജെസിപിഎച്ച്) ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈച്ചകള്‍ വഴി പകരുന്ന ബാക്ടീരിയല്‍ അണുബാധയാണു ബ്യുബോണിക് പ്ലേഗ്. ആധുനിക ആന്റിബയോട്ടിക് ചികിത്സ യഥാസമയത്തു ലഭ്യമാക്കിയാല്‍ ഒരുപരിധിവരെ അസ്വസ്ഥതകളും മരണവും തടയാമെങ്കിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇപ്പോഴും വലിയ ഭീഷണിതന്നെയാണു പ്ലേഗ്. വളര്‍ത്തുമൃഗങ്ങള്‍ രോഗഭീഷണിയിലാണെന്നു യുഎസ് ആരോഗ്യവകുപ്പ് പറയുന്നു. പൂച്ചകളാണ് അതീവ അപകടഭീഷണിയിലുള്ളത്. ഈച്ചകളിലൂടെ പൂച്ചകളിലേക്കു വൈറസ് എത്താം.
വളര്‍ത്തുമൃഗങ്ങള്‍ രോഗവാഹകരായി മാറാമെന്നും അസ്വസ്ഥതകളോ അസുഖ ലക്ഷണങ്ങളോ കാണിച്ചാല്‍ വെറ്ററിനറി ഡോക്ടര്‍മാരെ കാണിക്കണമെന്നും നിര്‍ദേശമുണ്ട്. അടുത്ത കാലത്തായി പ്ലേഗ് തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷംതോറും 1000 മുതല്‍ 2000 പേര്‍ക്കു വരെ രോഗം വരാറുണ്ടെന്നു ലോകാരോഗ്യ സംഘടനയും പറയുന്നു. 1347 ഒക്ടോബറില്‍ ആരംഭിച്ച ബ്യുബോണിക് പ്ലേഗ് മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ മഹാമാരികളിലൊന്നാണ്.
 

Latest News