ബംഗളൂരു- കോവിഡിൽനിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂവെന്ന് കർണാടക ആരോഗ്യമന്ത്രി ബി.ശ്രീരാരമലുവിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്ത്. കർണാടക സർക്കാറിന്റെ മോശം ഭരണത്തിന്റെ പ്രതിഫലനമാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാർ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു. കർണാടകയിൽ കോവിഡ് കുതിച്ചുയരുന്ന സഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള നാലാമത്ത സംസ്ഥാനമാണ് നിലവിൽ കർണാടക. നേരത്തെ ഇത് ഗുജറാത്തായിരുന്നു. കർണാടക, തമിഴ്നാട്, ദൽഹി എന്നിവയാണ് കർണാടകക്ക് മുന്നിലുള്ളത്. ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം പെരുകുകയാണ്. എല്ലാവരും ശ്രദ്ധിക്കണം. നിങ്ങൾ ഭരിക്കുന്ന പാർട്ടിയാണോ പ്രതിപക്ഷമാണോ എന്ന് നോക്കിയല്ല കോവിഡ് അക്രമിക്കുക. പാവങ്ങളെന്നോ പണക്കാരൻ എന്നോ വ്യത്യാസവുമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയതോടെ തന്റെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റുകയാണ് മാധ്യമങ്ങൾ ചെയ്തത് എന്ന വിശദീകരണവുമായി പിന്നീട് മന്ത്രി തന്നെ രംഗത്തെത്തി.






