ആലപ്പുഴ സ്വദേശി ജെനുമോന്റെ മൃതദേഹം സൗദിയില്‍ സംസ്‌കരിച്ചു

ജിസാന്‍- ജിസാനിലെ ബെയ്ശില്‍ കോവിഡ് ബാധിച്ച് മരിച്ച ആലപ്പുഴ  കൊച്ചു പറമ്പില്‍ അമ്പത്തഞ്ചില്‍ വീട്ടില്‍ ജെനുമോന്റെ മൃതദേഹം സബിയ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. ദര്‍ബിലെ ബിന്‍ ഹസൂസ ഗ്രൂപ്പ് ജീവനക്കാരനായ ജെനു മോനെ കടുത്ത പനിമൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും  ക്വാറന്റൈനു ശേഷം പരിശോധനയില്‍ നെഗറ്റീവായിരുന്നു.
പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജിസാന്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.  ജെനുമോനെ നാട്ടിലെത്തിച്ച് ചികിത്സിക്കാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിനിടയിലാണ് മരണം.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങളാടെയുള്ള സംസ്‌കാര ചടങ്ങിന് സബ്‌യ ബലദിയ ഉദ്യോഗസ്ഥന്‍ അബ്ദുറഹ്മാന്‍ ഉമര്‍ അല്‍ ഹരീദി, ആശുപത്രി പ്രതിനിധി ഹമൂദ് ഹകമി, ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ മെമ്പര്‍ ഹാരിസ് കല്ലായി, മുജീബ് ബിന്‍ ഹസ്സൂസ, ശമീര്‍ അര്‍ഫജി, സെയ്തലവി ഊരോത്തീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  ഖമീഷ് മുഷൈത്തിലായിരുന്ന ജെനു മോന്‍ പുതിയ വിസയില്‍ ദര്‍ബില്‍ എത്തിയിട്ട് നാല് മാസമേ ആയുള്ളൂ. മുപ്പത് വര്‍ഷക്കാലം പ്രവാസ ലോകത്ത് സാമൂഹ്യ ഇടപെടലുകളില്‍ ഉണ്ടായിരുന്ന ജെനുമോന്റെ അവസാന നിദ്ര പ്രവാസ ലോകത്ത് തന്നെ ആയതിനും കോവിഡ് കാലം നിമിത്തമായി.

 

 

 

Latest News