മസ്‌കത്ത്- കഴിഞ്ഞ വര്‍ഷം അവസാനം സെന്‍ട്രല്‍ ലണ്ടനില്‍ ഒമാനി വിദ്യാര്‍ഥി മുഹമ്മദ് അല്‍ അറൈമിയെ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയും അറസ്റ്റിലായി. ഡിസംബര്‍ 5 ന് രാത്രി 11.55 നാണ് നൈറ്റ്സ്ബ്രിഡ്ജിലെ ബേസില്‍ സ്ട്രീറ്റില്‍ തലസ്ഥാനത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് മടങ്ങുന്നതിനിടെ അല്‍അറൈമിയെ (20) രണ്ട് അക്രമികള്‍ കുത്തിക്കൊന്നത്.
ഒമാനിലെ പ്രമുഖ വ്യവസായിയുടെ മകനായ അല്‍അറൈമി ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ ഇക്കണോമിക്-പോളിറ്റിക്‌സ് വിദ്യാര്‍ഥിയായിരുന്നു. കയ്യില്‍ ധരിച്ചിരുന്ന 45,000 പൗണ്ട് വിലയുള്ള വാച്ചും ബാഗിലുണ്ടായിരുന്ന 1,25,000 പൗണ്ട് പണവും മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് കോടതി രേഖകളിലുള്ളത്.
അല്‍അറൈമിയോട് കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റിരുന്നു. ഇദ്ദേഹം ചികിത്സക്ക് ശേഷം പരിക്കില്‍ നിന്ന് മോചിതനായി.
അറസ്ബോണ്‍ ദില്‍ബാരോ എന്ന് പേരുള്ള രണ്ടാം പ്രതിക്കെതിരെ കൊലപാതകം, കഠിനമായ ശാരീരിക ഉപദ്രവം, കവര്‍ച്ചാശ്രമം, പൊതുസ്ഥലത്ത് ആയുധംകാണിച്ച് ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഹീത്രൂ വിമാനത്താവളത്തില്‍ ഒരു വിമാനത്തില്‍ വെച്ചാണ് ദില്‍ബാറോയെ പിടികൂടിയത്. ഇയാളെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റില്‍ കസ്റ്റഡിയില്‍ ഹാജരാക്കും.
ഒന്നാം പ്രതിയായ ബദ്ര്‍ അല്‍നാസി ജനുവരിയില്‍ തന്നെ പിടിയിലായിരുന്നു. ഇയാളെയും വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റിന്റെ മുമ്പാകെയാണ് ഹാജരാക്കിയിരുന്നത്.