മസ്‌കത്ത്- അധികൃതരുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്താല്‍ പൗരന്മാര്‍ക്ക് വിദേശത്തേക്ക് പോകാമെന്ന് ഒമാന്‍ വ്യക്തമാക്കി. മടങ്ങി വരുമ്പോള്‍ അവര്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. മാര്‍ച്ച് 29 നാണ് ഒമാനില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടമായ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ക്ക് അധികൃതര്‍ പിന്നീട് അനുവാദം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ സ്വദേശികളെ ഒമാനിലേക്ക് ചുരുങ്ങിയ കാലത്തിനകം ഭരണനേതൃത്വം തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.
പിന്നീട് യാത്രക്കാരുടെ എണ്ണം കൂടിയതിന് അനുസരിച്ച് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി വിമാനത്താവളങ്ങള്‍ തുറക്കാന്‍ ഒമാന്‍ നിര്‍ബന്ധിതരായി.
വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ രൂപീകരിച്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ഇളവ് പൊതുവായി അനുവദിക്കുമ്പോഴും താപനില കുറഞ്ഞതിനാല്‍ ദോഫാര്‍, മസീറ എന്നീ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ നീട്ടാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഒമാനില്‍ ഇന്നലെ 1,679 പുതിയ കോവിഡ് കേസുകളും 1,051 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. എട്ട് പേര്‍ ഇന്നലെ മരിച്ചു. 47 ലക്ഷം ജനസംഖ്യയുള്ള ഒമാനില്‍ മഹാമാരി ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 281 ആയും രോഗികളുടെ എണ്ണം 61,247 ആയും ഉയര്‍ന്നു.