Sorry, you need to enable JavaScript to visit this website.

അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ ഒരു വർഷം വരെ ജയിൽവാസം

ദുബായ്- വാട്‌സ്ആപ്പിലൂടെയോ മറ്റു സാമൂഹികമാധ്യമങ്ങളിലൂടെയോ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ ഒരു വർഷം വരെ ജയിൽവാസം നേരിടേണ്ടിവരും. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹികമാധ്യമങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ധാരാളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മുതിർന്ന പ്രോസിക്യൂട്ടർ ഡോ. ഖാലിദ് അൽജുനൈബി പറഞ്ഞു. പ്രത്യേകിച്ച് കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾ സമൂഹത്തിന്റെ സുസ്ഥിരത നശിപ്പിക്കുന്നതിനും നിഷേധാത്മക ചിന്ത വേരൂന്നുന്നതിനും കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് സ്ഥിരീകരിക്കാതെ നിരവധി പേർ ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് കൈമാറുന്നുണ്ട്. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും യഥാർഥ്യവിരുദ്ധമായ കാര്യം ഫോർവേഡ് ചെയ്യുന്നവർ ഒരുപക്ഷേ, നിയമ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 
യു.എ.ഇ ഫെഡറൽ നിയമാവലിയുടെ 198-ാം വകുപ്പ് പ്രകാരമാണ് കുറ്റവാളികൾക്കെതിരെ ഒരു വർഷം തടവ് ശിക്ഷ വിധിക്കുകയെന്നും പ്രോസിക്യൂട്ടർ അൽ ജുനൈബി പറഞ്ഞു. കോവിഡ് കാലത്തിന് ശേഷം തുറന്ന ഷോപ്പിംഗ് മാളുകൾ വീണ്ടും അടക്കുമെന്ന് പ്രചരിച്ചത് സമൂഹത്തിൽ ഒരുപാട് പ്രയാസങ്ങളുണ്ടാക്കി. ഒടുവിൽ അധികൃതർക്ക് ഇക്കാര്യം നിഷേധിച്ച് പ്രസ്താവനയിറക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. 


 

Latest News