Sorry, you need to enable JavaScript to visit this website.

പ്ലാസ്മ ചികിത്സ പ്രയോജനപ്പെട്ടത് 132 കൊറോണ രോഗികൾക്ക് 

റിയാദ് - അസുഖം ഭേദമായ കൊറോണ രോഗികളിൽ നിന്നുള്ള ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ 132 കൊറോണ രോഗികൾക്ക് ഇതുവരെ പ്രയോജനപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൂട്ടം ഗവേഷകരുടെയും സൗദിയിലെ ഗവേഷണ കേന്ദ്രത്തിന്റെയും പങ്കാളിത്തത്തോടെയുള്ള പഠനത്തിന്റെ ഭാഗമായാണ് കൊറോണ രോഗികൾക്ക് പ്ലാസ്മ ചികിത്സ നൽകുന്നത്. ഈ ഗവേഷണത്തിൽ പങ്കാളിത്തം വഹിക്കാനും ചേരാനും ആഗ്രഹിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളെ സജ്ജീകരിച്ച്, സൗദിയിലെ എല്ലാ പ്രവിശ്യകളിലും പഠനത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ ഗവേഷണ സംഘം നിരന്തരം ശ്രമിക്കുന്നു. 


കൊറോണ വൈറസിൽ നിന്ന് മുക്തി നേടുന്ന ദാതാക്കളെ ഈ ഗവേഷണത്തിലേക്ക് ആകർഷിക്കുന്നത് തുടരുകയാണ്. ഗവേഷണത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ട്വിറ്റർ വഴി ആശയവിനിമം നടത്തിയും ഇ-മെയിൽ വഴിയും ഫോൺ മുഖേനയും പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗവേഷണത്തെ കുറിച്ച് പരിചയപ്പെടുത്തുന്ന വെബ്‌സൈറ്റുമായി സൗദി അറേബ്യക്കകത്തും വിദേശത്തും നിന്നുള്ള നിരവധി പേർ ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ 18,000 ത്തിലേറെ പേർ വെബ്‌സൈറ്റ് സന്ദർശിച്ചു. 
കൊറോണക്കുള്ള പ്ലാസ്മ ചികിത്സാ ഗവേഷണത്തിന്റെ ഫലങ്ങൾ ഇപ്പോഴും പ്രാഥമികമാണ്. ഈ ചികിത്സ അപകടകരമാണെന്നതിന് ഒരു സൂചനയും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. രോഗബാധയുടെ തുടക്കത്തിൽ തന്നെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ സുരക്ഷിതവും പ്രയോജനപ്രദവുമായ ചികിത്സാ രീതിയാണിത്. മുഴുവൻ ഫലങ്ങളും ഉറപ്പു വരുത്താൻ ഗവേഷണങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്. ഗവേഷണ ഫലം സമീപ ഭാവിയിൽ വിലയിരുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. 


സൗദിയിൽ ആരോഗ്യ സേവനം നൽകുന്ന വ്യത്യസ്ത വകുപ്പുകൾക്കു കീഴിലെ ഇരുപതു ആശുപത്രികൾ പ്ലാസ്മ ചികിത്സാ ഗവേഷണത്തിൽ ഇതിനകം പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഇതിൽ പങ്കാളിത്തം വഹിക്കാൻ നിരവധി ആശുപത്രികൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധരായി 634 പേർ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ ചികിത്സാ ഗവേഷണത്തിലും പഠനത്തിനും സമൂഹത്തിന് എത്രമാത്രം താൽപര്യമുണ്ട് എന്നതാണ് പ്ലാസ്മ ദാതാക്കളുടെ എണ്ണം പ്രതിഫലിപ്പിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 

Latest News