ദുബായിലേക്ക് വരുന്നവര്‍ പി.സി.ആര്‍ ഫലം കരുതണം

ദുബായ്- ദുബായിലേക്കുള്ള എല്ലാ യാത്രക്കാരും നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം വെക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി.സി.എ.എ) അറിയിച്ചു. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ഏറ്റവും കൃത്യമായ പരിശോധനാ സംവിധാനമാണ് പി.സി.ആര്‍ ടെസ്റ്റ്.
യാത്ര ആരംഭിക്കുന്ന വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പാണ് ടെസ്റ്റ് നടത്തേണ്ടതെന്ന് ഡി.സി.എ.എ അധികൃതര്‍ വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സര്‍വീസുകളുള്ള വിമാനങ്ങളിലെ ഓപ്പറേറ്റര്‍മാരാണ് പരിശോധന നടത്തേണ്ടത്.
എല്ലാ യാത്രക്കാരും ദുബായ് സര്‍ക്കാര്‍ പ്രോട്ടോക്കോളുകളും പൗരന്മാര്‍ക്കുള്ള വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ താല്‍പര്യമെന്ന് ഡി.സി.എ.എ ബുള്ളറ്റിന്‍ പറയുന്നു.

 

Latest News