Sorry, you need to enable JavaScript to visit this website.

യു.എ.ഇ: കാലാവധി കഴിഞ്ഞ വിസ മൂന്ന് മാസം വരെ പിഴയില്ലാതെ പുതുക്കാം

അബുദാബി- കാലാവധി കഴിഞ്ഞ റെസിഡന്‍സി പെര്‍മിറ്റ് (വിസ) പുതുക്കുന്നതിനുള്ള അപേക്ഷ യു.എ.ഇ അധികൃതര്‍ സ്വീകരിച്ചു തുടങ്ങി. ജൂലൈ 12 ഞായറാഴ്ച മുതല്‍ മൂന്ന് മാസത്തെ ഗ്രേസ് പീരീഡിനുള്ളില്‍ വിസ പുതുക്കാന്‍ പിഴ ഈടാക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍കഅ്ബി അറിയിച്ചു.

കോവിഡ് കാലത്ത് കാലാവധി കഴിഞ്ഞ വിസ പിഴ ഈടാക്കാതെ പുതുക്കാന്‍ മൂന്ന് മാസം സാവകാശം അനുവദിച്ച വിവരം ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. 2020 മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കാണ് ഈ ആനുകൂല്യം. നിലവില്‍ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കാലാവധി കഴിഞ്ഞ വിസകളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

മെയ് മുതല്‍ കാലാവധി കഴിഞ്ഞവരുടെ അപേക്ഷ ഓഗസ്റ്റ് എട്ട് മുതലും ജൂണ്‍ ഒന്നിനും ജൂലൈ 11 നും ഇടയില്‍ കാലാവധി കഴിഞ്ഞവരുടെ അപേക്ഷ സെപ്റ്റംബര്‍ 10 മുതലുമായിരിക്കും സ്വീകരിക്കുക. എന്നാല്‍, ജൂലൈ 12 ന് ശേഷം കാലാവധി അവസാനിച്ച റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക തിയതി നിശ്ചയിച്ചിട്ടില്ല.

രാജ്യത്തിന് പുറത്തുള്ള വിദേശികള്‍ക്ക് പിഴയില്ലാതെ വിസ പുതുക്കാന്‍ യു.എ.ഇയില്‍ എത്തിയതിന് ശേഷം ഒരു മാസം സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. വിസിറ്റിംഗ് അല്ലെങ്കില്‍ ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് ജൂലൈ 12 മുതല്‍ ഒരു മാസത്തിനകം പിഴയില്ലാതെ വിസ പുതുക്കാം.

 

Latest News