ജഡ്ജിമാരില്‍ പലരും സര്‍ക്കാര്‍ അനുകൂലികള്‍; മുതിര്‍ന്ന അഭിഭാഷകന്റെ പ്രസ്താവന വിവാദത്തില്‍

ന്യൂദല്‍ഹി- സുപ്രീം കോടതിയിലെ പല ജഡ്ജിമാരും സര്‍ക്കാര്‍ അനുകൂലികളാണെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയുടെ വിമര്‍ശം വിവാദത്തില്‍. ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് ദുഷ്യന്ത് ദവേ വിവാദ പരാമര്‍ശം നടത്തിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇക്കാര്യത്തില്‍ രോഷം പ്രകടിപ്പിച്ചു. ജഡ്ജിമാരെ കുറിച്ചും നീതിന്യായ പ്രക്രിയയെ കുറിച്ചും മാത്രമല്ല, എന്തിനെ കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതികരണങ്ങളും ട്രോളുകളും വന്നു കൊണ്ടിരിക്കയാണെന്ന് ബെഞ്ച് കുറ്റപ്പെടുത്തി.
വിമര്‍ശിക്കുന്നവര്‍ സുപ്രീം കോടതിയില്‍ വന്നിരുന്ന് കാര്യങ്ങള്‍ യഥാവിധം മനസ്സിലാക്കണമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അനുകൂല ജഡ്ജിമാര്‍ നിറഞ്ഞിരിക്കുന്നുവെന്ന് അഭിഭാഷക സമൂഹത്തില്‍ നിന്നുള്ള ചിലര്‍ പറയുന്നുണ്ടെന്ന് ദുഷ്യന്ത് ദവേയുടെ പേരെടുത്ത് പറയാതെ ബെഞ്ച് കുറ്റപ്പെടുത്തി.
മറ്റു രണ്ട് മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും ഹരീഷ് സാല്‍വയും ഇത്തരം കാര്യങ്ങളില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ സുപ്രീം കോടതി സ്വാഗതം ചെയ്തു.
ഹൈവേ കൂട്ടബലാത്സംഗ കേസില്‍ മുന്‍ യു.പി. മന്ത്രി അസംഖാന്‍ നടത്തിയ വിവാദ പാരമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയെ സഹായിക്കുന്നവരാണ് നരിമാനും ഹരീഷ് സാല്‍വേയും. സുപ്രീം കോടതി ഉന്നയിച്ച ആശങ്ക ശക്തമായ പിന്തുണയാണ് ഇരു അഭിഭാഷകരും നല്‍കുന്നത്.
കോടതി നടപടികളെ കുറിച്ചു പോലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണഅ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
റോഹിംഗ്യ വിഷയത്തില്‍ വാദം കേള്‍ക്കുമ്പോള്‍ നടത്തിയ ഒരു പരാമര്‍ശത്തെ വിധി പ്രസ്താവിച്ചതു പോലെയാണ് പ്രചരിപ്പിച്ചതെന്നും ചര്‍ച്ച നടത്തിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Latest News