മനാമ - വിദേശങ്ങളിൽനിന്ന് ബഹ്‌റൈനിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും സ്വന്തം ചെലവിൽ കോവിഡ് പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മനാമ എയർപോർട്ടിൽ എത്തുന്ന മുഴുവൻ യാത്രക്കാർക്കും കൊറോണക്കുള്ള ലാബ് പരിശോധന നടത്തും. ഇതിനാകുന്ന ചെലവ് യാത്രക്കാർ സ്വയം വഹിക്കണം. കൊറോണ ലാബ് പരിശോധനക്ക് 30 ബഹ്‌റൈനി ദീനാർ (300 സൗദി റിയാൽ) ആണ് ചെലവ്. ജൂലൈ 21 ചൊവ്വാഴ്ച പുലർച്ചെ 12 മുതൽ ഇത് നടപ്പാക്കി തുടങ്ങും.
ബഹ്‌റൈനിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ 'മുജ്തമഅ് വാഇ' എന്ന ആപ്പ് വഴി കൊറോണ പരിശോധനക്കുള്ള ഫീസ് അടക്കാൻ സാധിക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. എയർപോർട്ടിലുള്ള കൗണ്ടറുകൾ വഴിയും പരിശോധനാ ഫീസ് പണമായും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അടക്കാൻ സാധിക്കും. വിമാന ജീവനക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായി യാത്ര ചെയ്യുന്നവർ, വിദേശങ്ങളിൽ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്നവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് പരിശോധനാ ഫീസ് ബാധകമല്ല.
ബഹ്‌റൈനിലേക്ക് വരുന്നവർ പത്തു ദിവസം മുൻകരുതലെന്നോണം ക്വാറന്റൈൻ പാലിക്കണം. ക്വാറന്റൈൻ കാലം പൂർത്തിയായ ശേഷം ഇവർ കൊറോണ പരിശോധന നടത്തൽ നിർബന്ധമാണ്. ഇങ്ങിനെ രണ്ടാം തവണ കൊറോണ പരിശോധന നടത്താനുള്ള ചെലവായ 30 ദീനാറും യാത്രക്കാർ സ്വയം വഹിക്കണം. ബഹ്‌റൈനിലേക്ക് വരുന്നവർ 'മുജ്തമഅ് വാഇ' ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. മനാമ വിമാനത്താവളം വഴി ട്രാൻസിറ്റ് ആയി യാത്ര ചെയ്യുന്നവർക്ക് കൊറോണ പരിശോധനയോ മറ്റു നടപടിക്രമങ്ങളോ ബാധകമായിരിക്കില്ല. കൊറോണയുടെ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ 444 എന്ന നമ്പറിൽ നിർബന്ധമായും ബന്ധപ്പെട്ടണമെന്നും ബഹ്‌റൈനിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരോടും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.