Sorry, you need to enable JavaScript to visit this website.

കനകം മൂലം, കാമിനി മൂലം

ക്രമക്കേടാണ് വാർത്ത.  ക്രമം തെറ്റി ചരിക്കുന്ന നക്ഷത്രം വാർത്തയാകുന്നു.  വഴി വിട്ട അധികാരത്തിന്റെ പ്രയോഗം വാർത്തയാകുന്നു.  പിഴച്ചുപോകുന്ന സുന്ദരി കൂടിയായാൽ വാർത്ത ചൂടും ചൂരുമുള്ളതാകുന്നു.  ഇപ്പോൾ മലയാളത്തിൽ പൊന്നുകൊണ്ട് അരങ്ങു തകർക്കുന്ന സ്വപ്‌നയും ഇന്നലെ സൂര്യോർജം വിതറി നടന്ന സരിതയും വാർത്ത കൊരുക്കുന്നതിൽ ഒറ്റപ്പെട്ടവരല്ല. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, എപ്പോൾ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെയെല്ലാം അവരുടെ അസ്മാദികൾ ശോഭിച്ചിരിക്കുന്നതു കാണാം. 
ഒരു കാലത്ത് സരിതയായിരുന്നു വാർത്താതാരം. ഓരോരുത്തരുടെ പക്കൽ നിന്ന് സൂര്യോർജം വിറ്റ് പണം തട്ടിയതായിരുന്നു ഒരു കാലത്തെ വാർത്ത.  തന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് അവർ അധികാരത്തിലുള്ളവരുടെ പേരുകൾ അങ്ങനെ പറഞ്ഞുകൊണ്ടുപോയി. കുറച്ചിട അകത്തായി.  അവരുടെ ഭർത്താവുമായി പിണഞ്ഞ ഒരു കേസിൽ നൃത്തവും അഭിനയവുമായി കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരിയും രണ്ടു മാസം അഴിയെണ്ണി.  
മൂന്നു നാലു മാസം നീണ്ടു നിന്ന വാർത്തയുടെ ആ വിളവെടുപ്പ് നെട്ടോട്ടമോടിയിരുന്നവരൊഴിച്ചെല്ലാവർക്കും രസമായിരുന്നു. കോടതിയിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങേണ്ടിവന്നവർക്ക് അതത്ര രസിച്ചുവെന്നു വരില്ലല്ലോ.  വാസ്തവത്തിൽ, ആരെല്ലാം വെള്ളത്തിലാവില്ലെന്നു പറയാൻ ആളുകൾ മടിക്കുന്നതായിരുന്നു കാലഘട്ടം. 
കുറിയേടത്ത്  താത്രിയുടെ സ്മാർത്തവിചാരവുമായി ചേർത്തു പറയാറുള്ള ഒരു കഥ ഓർക്കുന്നു: തന്നെ പിഴപ്പിച്ചവരുടെ പേരുകൾ പറഞ്ഞു മുഷിഞ്ഞ താത്രി, ഒരു ഘട്ടത്തിൽ, സ്മാർത്തമുഖ്യനോടു ചോദിച്ചുവത്രേ, 'ഇനിയും പറയണോ?' സ്മാർത്തമുഖ്യനോ നാടു വാഴുന്ന തമ്പുരാൻ തന്നെയോ ആകാം പിന്നെ പേർ പറയാനിരുന്ന വീരൻ എന്നത്രേ കേട്ടുകേൾവിയിലെ സൂചന. തന്റെ പേരു കേട്ട് ഞെട്ടാതിരുന്നവൻ അനുഗൃഹീതൻ!
സരിതയുടെ വെളിപാടുകളെ തുടർന്ന് പോലീസ് അന്വേഷണം നടന്നു, ജുഡീഷ്യൽ അന്വേഷണം നടന്നു, മാധ്യമാന്വേഷണം നടന്നു, പിന്നെ, അൽപം കരയിൽ വിശ്രമിച്ചതിനു ശേഷം വെള്ളത്തിലേക്കിറങ്ങുന്ന താറാവിനെ പോലെ, വാർത്താഭോജികളും പാചകക്കാരും  വിളമ്പുകാരും പതിവുവഴികളിലേക്കു മടങ്ങിപ്പോയി.  സരിതയും മറ്റും അഭിമുഖവും ആട്ടപ്രകാരവുമൊന്നുമില്ലാതെ കാലയാപനം ചെയ്യാനും തുടങ്ങി.  
പിണറായി വിജയന്റെ ഭരണത്തിന് ആഭരണം ചാർത്താൻ എത്തിയ സ്വപ്‌ന പ്രഭാ സുരേഷ് തന്റെ വർഗത്തിലെ ആദ്യത്തെ ആളല്ല. സ്വപ്‌ന പ്രഭ മുഖ്യമന്ത്രിയുടെ സ്വന്തം സെക്രട്ടറിയെയാണ് പിടി കൂടിയതെങ്കിൽ, മന്ത്രിമാരിൽ ഒരാളെത്തന്നെ ആവേശിച്ചു വേറൊരാൾ.  മന്ത്രി ശശീന്ദ്രനെ കുഴിയിൽ ഇറക്കിയ യുവതിയെ നിയോഗിക്കുകയോ നയിക്കുകയോ ചെയ്ത ഒരു മാധ്യമവീരൻ ജയിലിൽ പോയി.  
ഇത്തരം ബന്ധങ്ങളുടെ കാര്യത്തിൽ പതിവുള്ളതു പോലെ, സംബന്ധവാർത്തയുടെ തുടക്കത്തിലും ഒടുക്കത്തിലും കോരിത്തരിപ്പിക്കുന്ന ഒരു നിഗൂഢത നില നിന്നു.  അത്ര ഹ്രസ്വമെന്നു പറയാൻ വയ്യാത്ത വാദവിവാദത്തിനും വിചാരണക്കും ശേഷം മന്ത്രി തിരിച്ചുവന്നു, മന്ത്രിയായിട്ടു തന്നെ. ആരെല്ലാമോ കൂടി തനിക്കു ചാർത്തിത്തന്ന ലൈംഗികാരോപണം തെറ്റായിരുന്നു എന്നല്ലേ ആ തിരിച്ചുവരവിന്റെ അർഥം.  മന്ത്രിയുടെ മുന്നേറ്റങ്ങളെപ്പറ്റി കഥ ചമച്ച മാധ്യമവീരൻ, രണ്ടാഴ്ച അഴിയെണ്ണിയെങ്കിലും പിന്നീടൊരു വിശദവിചാരണക്കു വിധേയനാകുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല.  
അതുകൊണ്ട് എന്താണ് സത്യം, എന്താണ് അസത്യം എന്ന് ആർക്കും പറയാൻ വയ്യാതായി.  ഒരു ഓംകാരത്തോടു കൂടി കാരണമോ കാര്യമോ ഇല്ലാതെ പ്രപഞ്ചം പൊട്ടിവിടരുന്നതു പോലെ, എന്തൊക്കെയോ ഉണ്ടാകുന്നു, ഉരുത്തിരിയുന്നു, ഉണരാതാകുന്നു എന്നേ പറയേണ്ടൂ.  കനകവും കാമിനിയും കുറ്റവുമായി കൂട്ടുപിണഞ്ഞ ബന്ധവിശേഷങ്ങൾ എപ്പോഴും അങ്ങനെയാകും.  എല്ലാം വില്ലീസുപടുത ചൂടിയ ഒരു നിഗൂഢത പോലെ.  
ശോകഗാനം ആലപിക്കുകയും കൃഷീവലനെന്ന് അഭിമാനം കൊള്ളുകയും ചെയ്യുന്ന പി. ജെ ജോസഫിനു നേരിട്ട വിധിവിപര്യയം അവിസ്മരണീയമാകുന്നു.  വിമാനത്തിൽ മുന്നോട്ടാഞ്ഞ ജോസഫിന്റെ കൈ തടഞ്ഞത് ഒരു സ്ത്രീയുടെ മേലായിരുന്നില്ലെങ്കിൽ അതൊരു സംഭവമേ ആകുമായിരുന്നില്ല. ജോസഫ് മന്ത്രിയായിരുന്നില്ലെങ്കിലും അതിനൊരു വിഷയസുഖം കിട്ടുമായിരുന്നില്ല. പക്ഷേ ജോസഫിന്റെ പണി പോയി.  
പിന്നെ പാട്ടോടു പാട്ടു തന്നെ.  ഇനിയൊരു ജനനമുണ്ടോ എന്നായി മാനം ഭേദിക്കുന്ന സംഗീതപ്രശ്‌നം. ആദ്യാനുരാഗത്തിന്റെ രസം പോലെ, ആ ബന്ധവൈകല്യത്തിന്റെ അനുഭവവും ആളുകൾ മറന്നു. അവർ അടുത്തൊരു വികലതക്കു വേണ്ടി കാത്തിരിക്കുകയായിരുന്നിരിക്കും.
ജോസഫ് ഒരിക്കലും ഒറ്റയ്്ക്കായിരുന്നില്ല.  ജോസഫിനു മുമ്പായിരുന്നില്ലേ ഹേമാവതീ നന്ദൻ ബഹുഗുണയുടെ ചെറുഗുണയായി അറിയപ്പെടുകയും ഹിന്ദി പണ്ഡിതനായി സഞ്ചരിക്കുകയും എം. എൻ ഗോവിന്ദൻ നായരെ പരാജയപ്പെടുത്തുകയും ചെയ്ത നീലലോഹിതദാസൻ നാടാരുടെ നടനകാണ്ഡം? വിടനോ പീഡകനോ എന്തായാണ് പുള്ളിക്കാരൻ പരിണമിച്ചതെന്നുറപ്പില്ല. ഏതോ ഒരു അഭിശപ്ത മുഹൂർത്തത്തിൽ മുന്നിലിരുന്ന ഉദ്യോഗസ്ഥയെ നോക്കി അദ്ദേഹം ആടിയുലഞ്ഞു. 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി'.  ഉദ്ധരിച്ചുകൊണ്ട് അവർ പരാതിപ്പെട്ടു. നീലൻ നിലയറ്റു വീണു.   
രാജി ആരുടെയും ഉണ്ടായില്ലെങ്കിലും ആരോപണം സ്ത്രീയെ ചുറ്റിപ്പറ്റി വന്നു കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ. പേരു പറയാതെ പറഞ്ഞുകൊണ്ട്, അദ്ദേഹത്തിന്റെ തന്നെ പാർട്ടിക്കാർ അദ്ദേഹത്തിനു മാനസികമായി ചാർച്ചയുള്ള ഒരു പോലീസ് വീരനെ വെട്ടിലാക്കാൻ നോക്കി.  വെറും വെട്ടല്ല, ആകാശ വെട്ട്. ഇന്ത്യയുടെ  ബഹിരാകാശ രഹസ്യങ്ങൾ കാണാമറയത്തിരിക്കുന്ന ശത്രു ചോർത്തിയെടുക്കുന്നു എന്നായിരുന്നു ആരോപണം. എന്തു രഹസ്യം, എത്ര ഗൗരവം എന്നൊന്നും ചോദിക്കണ്ട. ആകാശത്തെവിടെയോ ഒളിച്ചുവെച്ചിരിക്കുന്ന ആ പ്രതികാര പദ്ധതി പൊളിച്ചുകൊടുക്കാൻ കച്ച മുറുക്കി പലരും. പോലീസും ശാസ്ത്രജ്ഞനും വിദേശിയും ഉൾപ്പെട്ട കേസിൽ രണ്ടു സ്ത്രീകൾ കൂടി അവതരിച്ചതോടെ കലഹം കലക്കി.  
സ്ത്രീപ്രുഷ സമത്വം പുതിയ ആദർശമാണെങ്കിലും ചാരവൃത്തിയിലും ചാരവിരുദ്ധ പ്രവൃത്തിയിലും സ്ത്രീക്ക് ഇനിയും പുരുഷസമമായ സ്ഥാനം കിട്ടിയിട്ടില്ല. അപ്പോഴാണ് മാലദ്വീപിലെ ഭാഷയായ മഹൽ ഒഴികെ ഒന്നും അറിയാത്ത രണ്ടു സ്ത്രീകളുടെ വരവ്.  പോലീസ് സ്ഥാപനങ്ങൾ തമ്മിൽ അങ്കമായി.  
ചാരലലനകളെ വളഞ്ഞിട്ടു പിടിച്ച മാധ്യമക്കാർ പണ്ടേ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടുപോയി. ചാരവൃത്തിയും വിദേശിയും വനിതകളും പോലീസുമല്ലേ, മാദകമായ ഒരു രഹസ്യ മോദകമായിരുന്നു അവർ ചേർന്നൊരുക്കിയ കഥ.  
അതിനിടെ കേസിൽ ഉൾപ്പെട്ടുപോയിരുന്ന സി ബി ഐ ഡയറക്ടർ തിരുവനന്തപുരത്തേക്ക് പറന്നുവന്നു. ഒരു ഐ. ജി എന്നോടു ചോദിച്ചു, സി ബി ഐ ഡയറക്ടർക്ക് പറന്നുവന്നുപോകാൻ തക്ക നിഗൂഢതയുള്ള വേറൊരു കേസ് പറയാമോ? പറയാൻ അറിയില്ല.  വേറൊരു ഐ. ജി പറഞ്ഞു, ഉടനുടൻ രഹസ്യം ചോർത്തുകയല്ല, വേണ്ടപ്പോൾ വേണ്ടതൊക്കെ ചോർത്തിയെടുക്കാൻ പാകത്തിൽ ഒരു ദ്വാരം തുരന്നുവെക്കുകയാണ് അവരുടെ ഉദ്ദേശ്യം.  പക്ഷേ കോടതി ശാസ്ത്രജ്ഞനെ ചോദ്യം ചെയ്തു. പീഡിപ്പിച്ച നടപടി വിമർശിക്കുകയും കൊള്ളാവുന്ന ഒരു തുക പരിഹാരം കൊടുക്കുകയും ചെയ്യണമെന്നു വിധിച്ചു.   
വർഷങ്ങൾ പലതും ഒലിച്ചുപോയി. വിധിക്കപ്പെട്ട പരിഹാരം കൊടുത്തുതീർത്ത് രസീത് കോടതിയിൽ ഹാജരാക്കിയോ, ചോരാതെ പോയ രഹസ്യം എന്തായിരുന്നു, ആകാശര ഹസ്യത്തിന്റെ പേരിൽ ഐ ബിയും സി ബി ഐയും എന്തിന് അങ്കം കുറിച്ചു, ചാരപുരാണത്തിന്റെ നടുനായകരായി മാറിയ മാലിവിമലകൾ വാസ്തവത്തിൽ ആരാണ്, അല്ലെങ്കിൽ, ആരല്ല? ഉത്തരം കിട്ടേണ്ട ആ ചോദ്യങ്ങൾ കാമിനി മൂലം കൊടുമ്പിരിക്കൊണ്ട കഥക്ക് കൂടുതൽ പരിണാമ ഗുപ്തി പകർന്നു.  
ഭാഷാപരമായ കലപിലയിൽനിന്ന് കേരളം പിറന്നുവീണു, പൈതൃകമായി പുതിയ സംസ്ഥാനക്രമത്തിനു കിട്ടേണ്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള വെപ്രാളമായി.  കമ്യൂണിസം വന്നാൽ ഇടിത്തീ വീഴും എന്ന ഭീതിക്ക് ഏറെ വരിക്കാരെ കിട്ടി. കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ച്   അവരുടെ വികാരത്തിനു സ്വരം നൽകിയ ആളായിരുന്നു ആഭ്യന്തര മന്ത്രി പി. ടി ചാക്കോ.  ഒരു മുടിഞ്ഞ പ്രഭാതത്തിൽ, അദ്ദേഹം തന്നെ ഓടിച്ചിരുന്ന കാർ തൃശൂരിൽ ഒരു അപകടത്തിൽ പെട്ടു.  ഒരു കട്ടവണ്ടിയിൽ ഉരഞ്ഞതേയുള്ളൂ; ആർക്കും പരിക്കില്ലായിരുന്നു; കേസെടുക്കാൻ മന്ത്രി തന്നെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് കൊടുക്കുകയും ചെയ്തു.  
കേസിന്റെ കാര്യമൊന്നുമില്ല. കവിഞ്ഞാൽ കാപ്പിക്കാശ് കട്ടവണ്ടിക്കാരനു കൊടുത്ത് സമാധാന ഉടമ്പടി ഒപ്പിടാവുന്ന സംഭവം. പക്ഷേ സംഭവം അടുത്ത നാളുകളിൽ പുളിച്ചു തികട്ടി വന്നു, മന്ത്രിയുടെ സ്ഥാനം പോയി, വയനാട്ടിൽ ഒരു കേസ് വാദിക്കാൻ ചെന്ന അദ്ദേഹം ഒരു തിണ്ണയിൽ ഞരങ്ങുന്ന ഒരു ബെഞ്ചിൽ അന്ത്യശ്വാസം വലിച്ചു. ആ രോഷത്തിൽനിന്ന് കേരള രാഷ്ട്രീയത്തിൽ പാമ്പും കോണിയും കളിക്കാൻ കോപ്പിട്ട ഒരു പാർട്ടി പിറന്നു.  
ഇതൊക്കെ പറഞ്ഞുറപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ നടന്നതല്ല.  അതിനൊക്കെ കാരണമായി, വ്യക്തിത്വങ്ങളെ വഷളാക്കുകയും ശത്രുതകളെ മൂർഛിപ്പിക്കുകയും വിചിത്രമായ രാഷ്ട്രീയ മൈത്രികൾക്ക് പ്രാണപ്രതിഷ്ഠ ഒരുക്കുകയും ചെയ്ത ഒരു സ്ത്രീസാന്നിധ്യമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയോടൊപ്പം കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. 
ഇത് ഇവിടെ തീരുന്ന ബന്ധകാണ്ഡമല്ല. അയലത്തെ സംസ്ഥാനത്തിൽ മുഖ്യനുമായുള്ള ഒരു സ്ത്രീയുടെ ചങ്ങാത്തം ത്രസിക്കുന്ന കഥയാകുന്നു.  കാമുകിക്ക് അധികാരം പകർന്ന് പുതിയൊരു ഭരണക്രമം തുടങ്ങാനെന്നു തോന്നുമാറ് നാടോടി മന്നൻ നടത്തിയ നീക്കങ്ങൾ അവിടവിടെ എതിർപ്പുണ്ടാക്കി. തക്കം കിട്ടിയപ്പോൾ എതിരാളികൾ മന്നന്റെ കാമുകിയെ പിഴുതെറിഞ്ഞു. അവർ ബുദ്ധിയുടെയും അധികാരത്തിന്റെയും ചാട്ട വീശി.  കഥ ഇതു തന്നെ, എവിടെയും, മാറിമറിഞ്ഞ ഭാവരൂപങ്ങളോടെ.
ആരുടെയും ആദരം പിടിച്ചെടുത്തിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ മഹത്വത്തിൽ മങ്ങലേൽപിക്കുന്നതായിരുന്നു ചില ചങ്ങാത്തങ്ങൾ. 
ആയുഷ്‌കാലം മുഴുവൻ രാജാക്കന്മാരുടെ ആഡംബരങ്ങൾക്കും ആഘോഷങ്ങൾക്കും കുടപിടിച്ചു വിരമിച്ച ശേഷം അവരെ പഴിക്കുന്ന പുസ്തകമെഴുതിയ ദിവാൻ ജർമ്മനി ദാസിനെപ്പോലെ എം. ഒ മത്തായിയും അഴുക്കെഴുത്തുകാരനായി.  നെഹ്‌റുവിന്റെ സ്ത്രീ സൗഹൃദങ്ങളെപ്പറ്റി തനിക്കറിയാവുന്ന കൗതുക കഥകൾ വിറ്റു കാശാക്കാനായിരുന്നു മത്തായിയുടെ ശ്രമം. വിറ്റഴിക്കാൻ എളുപ്പമാണ് ആ ജനുസ്സിലെ കഥകൾ എക്കാലവും. 
ബിൽ ക്ലിന്റൺ പരീക്ഷിച്ചുനോക്കിയ രതിവേഗങ്ങൾ പരസ്യാന്വേഷണത്തിനു വിഷയമായി.  വെപ്പാട്ടി വഴി പ്രതിരോധ തന്ത്രങ്ങൾ ചോർന്നുപോയോ എന്നു ശങ്ക പടർന്നപ്പോൾ പ്രൊഫ്യൂമോ രാജിവെച്ചു മറഞ്ഞുപോയി. ആരോ പറഞ്ഞില്ലേ, പ്രപഞ്ചമേ നീയിതുപോലെയെന്നും.
 

Latest News