Sorry, you need to enable JavaScript to visit this website.

ഡി.എം വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കൽ: പഠന സമിതി സന്ദർശനം ഇന്ന്‌

കൽപറ്റ-ഡി.എം എജുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനു കീഴിൽ മൂപ്പൈനാട് പഞ്ചായത്തിലെ താഴെ അരപ്പറ്റ നസീറ നഗറിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോർട്ട്  സമർപ്പിക്കുന്നതിനു സർക്കാർ നിയോഗിച്ച ഏഴംഗ സമിതി ഇന്നു സ്ഥലസന്ദർശനം നടത്തും. 
തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫ.ഡോ.വിശ്വനാഥൻ, അസിസ്റ്റന്റ് പ്രൊഫ.ഡോ.സജീഷ്, അസോസിയറ്റ് പ്രൊഫ.ഡോ.കെ.ജി.കൃഷ്ണകുമാർ, കൊല്ലം ഗവ.മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ.അൻസാർ, കെ.എം.എ.എസ്.എൽ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥൻ,  മെഡിക്കൽ എജ്യുക്കേഷൻ  ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ കെ.ശ്രീകണ്ഠൻ നായർ,  എൻ.എച്ച്.എം ചീഫ് എൻജിനീയർ സി.ജെ.അനില എന്നിവരടങ്ങുന്ന സമിതിയാണ് പഠനത്തിനു എത്തുന്നത്. 


മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും കൈമാറുന്നതിനുള്ള സന്നദ്ധത ഡി.എം.എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി ഡോ.ആസാദ് മൂപ്പൻ  ജൂൺ അഞ്ചിനു രേഖാമൂലം അറിയിച്ചതിനെത്തുടർന്നാണ് സർക്കാർ ജൂലൈ രണ്ടിനു പഠന സമിതി രൂപീകരിച്ചു ഉത്തരവായത്. മെഡിക്കൽ കോളേജിനോടനുബന്ധിച്ചു  700 ഓളം കിടക്ക സൗകര്യമുള്ള ആശുപത്രി, നഴ്‌സിംഗ് കോളേജ്, ഫാർമസി കോളേജ്, ആസ്റ്റർ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവ നസീറ നഗറിൽ പ്രവർത്തിക്കുന്നുണ്ട്.
മെഡിക്കൽ കോളേജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ, കോഴ്‌സുകൾ, ഡോക്ടർമാരും  നഴ്‌സുമാരും   ഉൾപ്പെടെ ജീവനക്കാർ, ഇവരുടെ സേവന-വേതന വ്യവസ്ഥകൾ, ചികിത്സ തേടി മെഡിക്കൽ കോളേജ് ആശുപത്രി ഒ.പിയിൽ ദിവസം എത്തുന്ന രോഗികളുടെ ശരാശരി എണ്ണം തുടങ്ങിയ കാര്യങ്ങൾ സമിതി പഠന വിധേയമാക്കും. ഈ മാസാവസാനത്തിനു മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സമിതിക്കു സർക്കാർ നൽകിയ നിർദേശം. പഠന സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ കോളേജ് എറ്റെടുക്കുന്നതിൽ സർക്കാർ തലത്തിൽ തുടർനടപടികൾ. 


ഡി.എം.വിംസ് മെഡിക്കൽ കോളേജിന്റെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതിനും ബാലൻസ് ഷീറ്റ് ഉൾപ്പെടെ രേഖകൾ പരിശോധിക്കുന്നതിനും തിരുവനന്തപുരം വഞ്ചിയൂരിലെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ്.സുരേഷ് ബാബുവിനെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
ഡി.എ.ം വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുത്തു ഗവ.മെഡിക്കൽ കോളേജാക്കാനുള്ള സർക്കാർ നീക്കത്തെ വയനാട്ടുകാർ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ട്. 2012 ലെ ബജറ്റിൽ പ്രഖ്യാപിച്ചതാണ്  വയനാട് ഗവ.മെഡിക്കൽ കോളേജ്. ഇതിന്റെ നിർമാണത്തിനു ആവശ്യമായ സ്ഥലം വാങ്ങാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.   


മെഡിക്കൽ കോളേജ് നിർമാണത്തിനു ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് കോട്ടത്തറ വില്ലേജിൽ 50 ഏക്കർ സ്ഥലം സൗജന്യമായി സർക്കാരിനു വിട്ടുകൊടുത്തിരുന്നു. എന്നാൽ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന വിദഗ്ധാഭിപ്രായത്തെത്തുടർന്നു ഈ ഭൂമിയിൽ മെഡിക്കൽ കോളേജ് നിർമിക്കേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്. ചുണ്ടേൽ വില്ലേജിൽ ചേലോടിനു സമീപം  34/2, 35/1 സർവേ നമ്പറിൽ സ്വകാര്യ  കൈവശത്തിലുള്ള 50 ഏക്കറാണ് മെഡിക്കൽ കോളേജിനായി പിന്നീട് കണ്ടെത്തിയത്. 
സാമൂഹിക, പാരിസ്ഥിതികാഘാത പഠനം ഉൾപ്പെടെ നടത്തി നിർമാണത്തിനു യോജിച്ചതെന്നു കണ്ടെത്തിയ ഈ ഭൂമി വിലയ്ക്കു വാങ്ങുന്നതിനു നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുത്തു ഗവ.മെഡിക്കൽ കോളേജാക്കാനുള്ള നീക്കം.
ഗവ.മെഡിക്കൽ കോളേജ് എന്ന സ്വപ്‌നം സമീപഭാവിയിൽ  യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് വയനാടൻ ജനത. സ്വകാര്യ മെഡിക്കൽ കോളേജ്  സർക്കാർ ഏറ്റെടുക്കുന്നതിനു ഉതകുന്ന റിപ്പോർട്ട് പഠന സമിതി സമർപ്പിക്കുമെന്നും ജനം  കരുതുന്നു. 250 കോടി രൂപയുടെ ചാരിറ്റി ഫണ്ട് സർക്കാരിനു സംഭാവനയായി നൽകുമെന്ന ഡി.എം. എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റ് അധികൃതരുടെ പ്രഖ്യാപനവും ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. 


ഡി.എം.വിംസ് മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ ജീവനക്കാരുടെ കാര്യത്തിൽ എന്തു തീരുമാനം ഉണ്ടാകുമെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. 215 ഡോക്ടർമാരും 1200 നടുത്ത് സ്ഥിരം ജീവനക്കാരുമാണ് മെഡിക്കൽ കോളേജിലും മറ്റുമായി ഉള്ളത്. സ്ഥാപനം ഏറ്റെടുക്കുന്നതിനൊപ്പം തങ്ങളുടെ കാര്യത്തിലും സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ്  ജീവനക്കാർ. 
സ്ഥാപനത്തിന്റെ തുടക്കം മുതൽ ജോലി ചെയ്യുന്നവർ ജീവനക്കാർക്കിടയിലുണ്ട്. മേപ്പാടി, മൂപ്പൈനാട്, അമ്പലവയൽ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ജീവനക്കാരിൽ അധികവും. 

 

Latest News