Sorry, you need to enable JavaScript to visit this website.

ചീട്ടുകളി കേന്ദ്രം നടത്തി ബ്‌ളേഡ്  മാഫിയാ തലവൻ വാരിയത് ലക്ഷങ്ങൾ 

കോട്ടയം- കോവിഡ് കാലത്തെ ചീട്ടുകളിയിൽ ബ്‌ളേഡ് മാഫിയാ തലവൻ വാരിയത് ലക്ഷങ്ങൾ. ഇയാളുടെ  ചീട്ടുകളി കേന്ദ്രത്തിൽ ഒരു ദിനം മറിഞ്ഞത് 22 ലക്ഷത്തോളം രൂപ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഇഷ്ട തോഴനായതിനാൽ പോലീസുകാരും സല്യൂട്ട് അടിച്ചു മാറുന്നു. നഗരത്തിലെ നാലുമണിക്കാറ്റിനു സമീപമുളള കേന്ദ്രത്തിൽ ഒരു കൈനോക്കാനെത്തുന്നത് വമ്പൻമാർ. ക്രൈസ്തവ സഭാ മേലധികാരികളും പോലീസും രാഷ്ട്രീയക്കാരും എല്ലാം ഇവിടെ എത്തുന്നു. ആർക്കും ഒരു സൂചന പോലും നൽകാതെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള സംഘമാണ് അപ്രതീക്ഷിത റെയ്ഡിലൂടെ ഇവിടുത്തെ ഇടപാടുകൾ പിടികൂടിയത്. 


മണർകാട് നാലു മണിക്കാറ്റിനു സമീപത്തെ ചീട്ടുകളി കളത്തിൽ ദിവസവും നൂറു മുതൽ 150 പേർ വരെയാണ് എത്താറുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് ബ്‌ളേഡ് മാഫിയ തലവൻ  ഇത്രയും തുക സ്വന്തമാക്കിയത്. ശനിയാഴ്ച രാത്രി വീണ്ടും ഇയാൾ കളിക്കാനെത്താനിരിക്കേയാണ് പോലീസിന്റെ മിന്നൽ റെയിഡ്. ബ്ലേഡ് സംഘത്തലവന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി നടക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചു.


മണർകാട് നാലുമണിക്കാറ്റിനു സമീപത്തെ കേന്ദ്രത്തിൽ നിന്നു ചീട്ടുമേശ ഇനത്തിൽ മാത്രം ഒന്നര ലക്ഷം രൂപയാണ് പ്രതിദിനം ഇയാൾക്കു ലഭിക്കുന്നത്. ഇത് കൂടാതെ ചീട്ടുകളിക്കാൻ എത്തുന്നവർക്കു ഇയാൾ തന്നെ ബ്ലേഡിനു പണം പലിശയ്ക്കു കൊടുക്കും. ഈ പലിശ ഇനത്തിൽ സമ്പാദിക്കുന്നതും ലക്ഷങ്ങൾ. ബ്ലേഡ് മാഫിയാ സംഘത്തലവന്റെ ചീട്ടുകളി കളത്തിൽ ആവശ്യത്തിന് മദ്യവും ഭക്ഷണവും ലഭിക്കും. പണം നൽകിയാൽ ആവശ്യത്തിന് ഇവ എത്തിച്ചു നൽക്കുന്നതിനാലാണ് ചീട്ടുകളി കളത്തിലേയ്ക്കു ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം ചീട്ടുകളിക്കാർ കൂട്ടത്തോടെ ഈ ചീട്ടുകളി കളത്തിൽ എത്താറുണ്ട്.


ആഭ്യന്തര വകുപ്പിലെ ഉന്നതനുമായി അടുത്ത ബന്ധമുണ്ടെന്നു പ്രചരിപ്പിച്ചാണ് ഈ ബ്ലേഡ് മാഫിയ സംഘത്തലവൻ ചീട്ടുകളി കളം നടത്തിയിരുന്നത്. ഭരണ കക്ഷി നേതാക്കളുമായുളള സൗഹൃദവും ഇയാൾ മുതലെടുത്തതായാണ് കരുതുന്നത്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും നടപടിയായില്ല. എന്നാൽ അടുത്തയിടെ ചുമതലയേറ്റ ജില്ലാ പോലീസ് മേധാവിക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് കളം മാറിയത്. രഹസ്യ റെയ്ഡിന് തീരുമാനിക്കുകയായിരുന്നു. റെയ്ഡിന്റെ സൂചന പോലും നൽകിയില്ല. ബ്‌ളേഡ് മാഫിയാ തലവനുമായി അടുപ്പമുളളവരെ മാറ്റി നിർത്തുകയും ചെയ്തു.
കോവിഡ് കാലത്ത് പോലീസിന് മാസ്‌കും കുടിവെള്ളവും നൽകി ജനകീയനായാകാനും അയ്മനംകാരനായ ബ്‌ളേഡ് മാഫിയാ തലവൻ ശ്രമിച്ചു. ചീട്ടുകളി കേന്ദ്രം റെയ്ഡു ചെയ്ത് 17 ലക്ഷത്തോളം രൂപ പിടിച്ചിട്ടും പോലീസ്  കേസെടുത്തിട്ടില്ലെന്നാണ് പരാതി.

 

Latest News