Sorry, you need to enable JavaScript to visit this website.

യു.എ.ഇ: മാര്‍ച്ചിലും ഏപ്രിലിലും കാലാവധി കഴിഞ്ഞ താമസരേഖകള്‍ ഉടന്‍ പുതുക്കണം

അബുദാബി- കാലാവധി കഴിഞ്ഞ റസിഡന്‍സി വിസകളും എമിറേറ്റ്‌സ് ഐഡികളും പുതുക്കാനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് ഘട്ടംഘട്ടമായി സ്വീകരിക്കും.

മാര്‍ച്ചിലും ഏപ്രിലിലും കാലാവധി കഴിഞ്ഞ താമസരേഖകള്‍ പുതുക്കാനുള്ള അപേക്ഷ ജൂലൈ 12 ഞായര്‍ മുതല്‍ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

മെയില്‍ കാലാവധി കഴിഞ്ഞ താമസ രേഖകള്‍ക്ക് ഓഗസ്റ്റ് എട്ട് മുതലാണ് അപേക്ഷ സ്വീകരിക്കുക. ജൂണിലും ജൂലൈ 11 വരെയുമുള്ള ദിവസങ്ങളിലാണ് കാലാവധി കഴിഞ്ഞതെങ്കില്‍ സെപ്റ്റംബര്‍ 10 മുതലാണ് അപേക്ഷ സ്വീകരിക്കുക.

കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് അപേക്ഷകള്‍ സ്വീകരിക്കാനുള്ള സൗകര്യത്തിനായാണ് ഘട്ടംഘട്ടമാക്കിയത്.
കോവിഡ് പശ്ചാത്തലത്തില്‍ താമസ, സന്ദര്‍ശന വിസകളുടെ കാലാവധി സ്വമേധയാ നീട്ടാനുള്ള മുന്‍തീരുമാനം വെള്ളിയാഴ്ച യു.എ.ഇ കാബിനറ്റ് റദ്ദാക്കിയിരുന്നു. വിസകള്‍ ആറു മാസത്തേക്ക് നീട്ടുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും ആറുമാസം നീട്ടിയ തീരുമാനം റദ്ദാക്കുകയാണ് ചെയ്തതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

വിസ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ താമസക്കാര്‍ക്ക് മൂന്നു മാസത്ത് ഗ്രേസ് പീരീഡ് അനുവദിച്ചിട്ടുണ്ട്.

 

Latest News