Sorry, you need to enable JavaScript to visit this website.

ശത്രുക്കൾ, മിത്രങ്ങൾ

ഗ്രാന്റ്സ്ലാമുകളുടെ എണ്ണത്തിൽ ക്രിസിനെയും മാർടിനെയും മറികടക്കാൻ സെറീന വില്യംസിനു സാധിച്ചു. 23 ഗ്രാന്റ്സ്ലാമുകൾക്കുടമയാണ് സെറീന. എന്നാൽ ക്രിസും മാർടിനയും തമ്മിലുള്ള ടെന്നിസ് ശത്രുത പോലൊന്ന് ആസ്വദിക്കാൻ സെറീന വില്യംസിന് സാധിച്ചില്ല. എൺപത് തവണയാണ് ക്രിസ് എവർടും മാർടിന നവരത്തിലോവയും ഏറ്റുമുട്ടിയത്. രണ്ടു പേരും 18 വീതം ഗ്രാന്റ്സ്ലാമുകൾക്കുടമയാണ്. ആദ്യമായി അവർ വിംബിൾഡൺ ഫൈനലിൽ ഏറ്റുമുട്ടിയത് 1978 ജൂലൈ ഏഴിനായിരുന്നു. നാലു തവണ കൂടി അവർ വിംബിൾഡൺ കലാശപ്പോരാട്ടത്തിൽ മുഖാമുഖം വന്നു. 

ടെന്നിസ് കരിയർ തുടരാനായി കമ്യൂണിസ്റ്റ് ചെക്കൊസ്ലൊവാക്യ വിട്ട് അമേരിക്കയിലേക്ക് കുടിയേറിയ കളിക്കാരിയാണ് മാർടിന. 1978 ലെ ഫൈനൽ കളിക്കുമ്പോൾ അവർക്ക് പ്രായം 21, നാടു വിട്ടിട്ട് മൂന്നു വർഷം, അമേരിക്കൻ പൗരത്വം ലഭിക്കാൻ പിന്നെയും രണ്ടു വർഷമെടുത്തു. ഫലത്തിൽ അഭയാർഥിയായാണ് ആ ഫൈനൽ മാർടിന കളിച്ചത്. ക്രിസ് എവർടിനെ 2-6, 6-4, 7-5 ന് തോൽപിച്ച് മാർടിന സ്വപ്‌നസാക്ഷാൽക്കാരം നേടി. ഞാൻ എന്നും ചെക്കുകാരിയായിരിക്കുമെന്നാണ് ഫൈനലിനു ശേഷം അവർ പ്രഖ്യാപിച്ചത്. രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വാശിയേറിയ വിംബിൾഡൺ ഫൈനലായിരുന്നു അത്. നിർണായക സെറ്റിൽ നവരത്തിലോവ 2-0 ന് മുന്നിലെത്തി. തിരിച്ചടിച്ച ക്രിസ് 4-2 ലീഡ് പിടിച്ചു. 5-5 ൽ സ്‌കോർ തുല്യമായി. എന്നിട്ടും സൗഹൃദാന്തരീക്ഷത്തിലായിരുന്നു കളി പുരോഗമിച്ചത്. ലൈൻ കോളുകളിൽ എതിരാളിക്ക് പോയന്റ് നൽകാൻ ഇരുവരും അമ്പയറോട് തർക്കിച്ചു. അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ മാർടിന ആദ്യം സൗഹൃദം സ്ഥാപിച്ചത് ക്രിസ് എവർടുമായാണ്. 


ഗ്രാന്റ്സ്ലാമുകളുടെ എണ്ണത്തിൽ ക്രിസിനെയും മർടിനെയും മറികടക്കാൻ സെറീന വില്യംസിനു സാധിച്ചു. 23 ഗ്രാന്റ്സ്ലാമുകൾക്കുടമയാണ് സെറീന. എന്നാൽ ക്രിസും മാർടിനയും തമ്മിലുള്ള ടെന്നിസ് ശത്രുത പോലൊന്ന് ആസ്വദിക്കാൻ സെറീന വില്യംസിന് സാധിച്ചില്ല. 
'ഞാനും മാർടിനയും രാത്രിയും പകലും പോലെയായിരുന്നു. അവൾ കമ്യൂണിസ്റ്റ് രാജ്യക്കാരിയായിരുന്നു, ഞാൻ സ്വാതന്ത്ര്യത്തിന്റ നാട്ടുകാരി. അവൾ ഭയമെന്തെന്ന് അറിഞ്ഞിട്ടില്ലാത്തവൾ, ഞാൻ ജനിച്ചത് കത്തോലിക്കാ കുടുംബത്തിൽ, ഭയഭക്തിയോടെ ജീവിച്ചവൾ. എല്ലാം വ്യത്യസ്തമായിരുന്നു. എന്നെ സ്‌നേഹിക്കുന്നവർ മാർടിനയെ വെറുത്തു. മാർടിനയെ സ്‌നേഹിക്കുന്നവർ എന്നെ വെറുത്തു. രണ്ടിലൊരു പക്ഷമേയുണ്ടായിരുന്നുള്ളൂ' ക്രിസ് എവർട് പറയുന്നു.


എന്നാൽ സെറീനയുടെ ഏറ്റവും വലിയ പോരാട്ടം ചേച്ചി വീനസുമായാണ്. പരസ്രപം 30 മത്സരങ്ങൾ. ക്രിസും മാർടിനയും കളിച്ചതിനെക്കാൾ 50 മത്സരങ്ങൾ കുറവ്.  സെറീന-വില്യംസ് പോരാട്ടത്തിൽ ആരാധകർക്ക് പക്ഷം ചേരാനുണ്ടായിരുന്നില്ല. അവർ ഒരു കുടുംബത്തിൽ നിന്നായിരുന്നു. മരിയ ഷരപോവ, ജസ്റ്റിൻ ഹെനാൻ, സ്ലോൻ സ്റ്റീഫൻസ് തുടങ്ങിയവരൊന്നും സെറീനക്ക് വലിയൊരു പോരാട്ടം സമ്മാനിച്ചില്ല. ആറു കളികളിൽ ഒരെണ്ണമാണ് സ്ലോൻ ജയിച്ചത്, ഷരപോവ 22 കളികളിൽ രണ്ടും. ഹെനാന്റേതാണ് മികച്ച റെക്കോർഡ് -14 കളികളിൽ ആറ് ജയം. എന്നാൽ അതിൽ ഒരെണ്ണം മാത്രമായിരുന്നു ഗ്രാന്റ്സ്ലാം ഫൈനൽ. അതേസമയം ക്രിസും നവരത്തിലോവയും 14 ഗ്രാന്റ്സ്ലാം ഫൈനലുകളിൽ ഏറ്റുമുട്ടി. സെറീന ഏറ്റവുമധികം ഗ്രാന്റ്സ്ലാം ഫൈനലുകൾ കളിച്ചത് വീനസിനെതിരെയാണ് -ഒമ്പത്. 
സിംഗിൾസിൽ ബദ്ധവൈരികളായിരിക്കുമ്പോൾ തന്നെ ക്രിസും നവരത്തിലോവയും ഡബ്ൾസിൽ ഒരുമിച്ചു കളിച്ചു. 14 തവണ അവർ ഗ്രാന്റ്സ്ലാം ഫൈനലിലെത്തി. ഫ്രഞ്ച് ഓപണിലും വിംബിൾഡണിലും സിംഗിൾസ് ഫൈനലിൽ ഏറ്റുമുട്ടുന്നതിന് തൊട്ടുമുമ്പ് ഇരുവരും ഒരുമിച്ച് ഡബ്ൾസിൽ ഇറങ്ങിയിരുന്നു. കോർടിനു പുറത്തും അവർ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ക്രിസിന്റെ സഹോദരി മരിച്ച ദിവസം രാത്രി വൈകും വരെ നവരത്തിലോവ കൂട്ടിരുന്നു. ഇപ്പോഴും അടുത്ത കൂട്ടുകാരികളാണ് ഇരുവരും. 


1973 ൽ ഒഹായോവിലാണ് ആദ്യത്തെ ക്രിസ്-നവരത്തിലോവ പോരാട്ടം. അന്ന് ക്രിസിന് 18, നവരത്തിലോവക്ക് 16. അവസാന മത്സരം ഷിക്കാഗോയിൽ 1988 ലും. 43-37 ന് നവരത്തിലോവയായിരുന്നു മുന്നിൽ. ഗ്രാന്റ്സ്ലാം ഫൈനലുകളിൽ നവരത്തിലോവക്ക് 10-4 ലീഡ്. എവർടിന്റെ സാന്നിധ്യമാണ് കൂടുതൽ കഠിനമായി പരിശീലിപ്പിക്കാൻ നവരത്തിലോവക്ക് പ്രചോദനമായത്, ക്രിസിന് തന്റെ സെർവുകൾ മെച്ചപ്പെടുത്തേണ്ടി വന്നത് നവരത്തിലോവയെ നേരിടാനാണ്. തുടക്കത്തിൽ ക്രിസായിരുന്നു ആധിപത്യം പുലർത്തിയത്. ക്രമേണ തുല്യശക്തികളുടെ പോരാട്ടമായി. 81-82 കാലഘട്ടത്തിൽ നവരത്തിലോവ ആർക്കും പിടിച്ചാൽ കിട്ടാത്ത ഉയരത്തിലെത്തി. ആ ഘട്ടത്തിലും തലയുയർത്തി നിൽക്കാനായി എന്നതാണ് ക്രിസിന്റെ നേട്ടം. 


തുടക്കത്തിൽ ഞാൻ അവളെ തോൽപിക്കുന്നുണ്ടായിരുന്നു -ക്രിസ് ഓർമിക്കുന്നു. ഞങ്ങൾ ഒരുമിച്ചാണ് ഡബ്ൾസ് കളിച്ചിരുന്നത്. എന്നാൽ ക്രമേണ അവളെന്നെ തോൽപിച്ചു തുടങ്ങി. അതോടെ ഡബ്ൾസിൽ നിന്ന് ഞാൻ പിന്മാറി. എന്നെ അവൾ കൂടുതൽ അടുത്തറിയുന്നുവെന്നു തോന്നി. നാൻസി ലീബർമാൻ പിന്നീട് അവളുടെ കോച്ചായി വന്നു. എതിരാളികളെ വെറുക്കാൻ പഠിപ്പിക്കുന്ന കോച്ചായിരുന്നു നാൻസി. കരിയറിന്റെ അവസാന അഞ്ചു വർഷങ്ങളിലാണ് ഞങ്ങൾ വീണ്ടും അടുത്തത്. ഫെഡറേഷൻ കപ്പുകളിൽ അമേരിക്കക്ക് കളിക്കുന്ന കാലത്ത് ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി. കളിക്കളത്തിലെ രണ്ട് ശത്രുക്കൾക്ക് അടുക്കാവുന്നതിന്റെ പരമാവധി -ക്രിസ് പറഞ്ഞു.

Latest News