Sorry, you need to enable JavaScript to visit this website.

ലാസ്റ്റ് സൂപ്പർസ്റ്റാർ

ബാഡ്മിന്റണിലെ എക്കാലത്തെയും മികച്ച താരമാണ് ലിൻ ദാൻ. 666 കരിയർ വിജയങ്ങളും 66 കിരീടങ്ങളുമെന്ന സ്വപ്‌നക്കണക്കുമായാണ് ലിൻ വിട ചോദിക്കുന്നത്. 

ബാഡമിന്റണിലെ എക്കാലത്തെയും മികച്ച താരമാണ് ലിൻ ദാൻ. ചൈനയിലെ സൂപ്പർസ്റ്റാർ കളിക്കാരിൽ അഗ്രഗണ്യനും. ഇരട്ട ഒളിംപിക് ചാമ്പ്യൻ ലിൻ ദാന്റെ വിരമിക്കലോടെ ചൈനീസ് സ്‌പോർട്‌സിലെ സൂപ്പർസ്റ്റാർ യുഗത്തിനു തന്നെ അന്ത്യമാവും. ഒരു ഒളിംപിക്‌സിൽ കൂടി പങ്കെടുക്കാമെന്ന മോഹം ഉപേക്ഷിച്ച് കഴിഞ്ഞയാഴ്ചയാണ് മുപ്പത്താറുകാരൻ വിടവാങ്ങിയത്. അഞ്ചു തവണ ലോക ചാമ്പ്യനായിരുന്നു ലിൻ. 
ലീ ചോംഗ് വെയും ലിൻ ദാനും തമ്മിലുള്ള വൈരം ഐതിഹാസികമാണ്. കാൻസർ ബാധിതനായ ലീ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഇവർ തമ്മിലുള്ള 40 ഏറ്റുമുട്ടലുകളിൽ ലിൻ 28 തവണ ജയിച്ചു. മതിയായ കായികക്ഷമതയില്ലാത്തതാണ് വിരമിക്കാൻ കാരണമെന്ന് ലിൻ പറഞ്ഞു. 2006-2014 കാലയളവിൽ ലിൻ കോർടിനെ അക്ഷരാർഥത്തിൽ കീഴടക്കി. മത്സരിച്ച മിക്ക ടൂർണമെന്റുകളും ജയിച്ചു, അഞ്ചു തവണ ലോക ചാമ്പ്യനായി. ഈ കാലത്തു തന്നെയാണ് രണ്ടു തവണ ഒളിംപിക്‌സിലും രണ്ടു തവണ ഏഷ്യൻ ഗെയിംസിലും സ്വർണമണിഞ്ഞത്.
എൻ.ബി.എ ഓൾസ്റ്റാർ യാവൊ മിംഗ്, ഒളിംപിക് ചാമ്പ്യനായ ഹർഡ്‌ലർ ലിയു സിയാംഗ്, രണ്ടു തവണ ഗ്രാന്റ്സ്ലാം ചാമ്പ്യനായ വനിതാ ടെന്നിസ് താരം ലി നാ എന്നിവരായിരുന്നു ലിന്നിനൊപ്പം ചൈനീസ് സ്‌പോർട്‌സിലെ ജനപ്രിയ താരങ്ങളായി വാണിരുന്നത്. ബാക്കിയുള്ളവരെല്ലാം നേരത്തെ വിരമിച്ചു. 


ചൈനീസ് സ്‌പോർട്‌സിന് ഇനി സൂപ്പർതാരങ്ങളില്ലെന്ന് ഔദ്യോഗിക ഏജൻസി സിൻഹുവ തന്നെ ദുഃഖം പ്രകടിപ്പിച്ചു. മറ്റൊരു ലിൻ ദാൻ, മറ്റൊരു യാവൊ മിംഗ്, മറ്റൊരു ലി നാ എപ്പോൾ അവതരിക്കുമെന്നും അവർ ചോദിച്ചു.  
നാലു പേരും സ്വന്തം സ്‌പോർട്‌സിൽ ലോകത്തിലെ മുൻനിര കളിക്കാരായിരുന്നു. ചൈനക്കു പുറത്തും ജനപ്രിയരായിരുന്നു. മറ്റുള്ളവർക്ക് ചൈനയെ മനസ്സിലാക്കാനുള്ള വാതിൽ കൂടിയായിരുന്നു അവർ -സിൻഹുവ എഴുതി. 
ഈ നിരയിലേക്ക് വരാൻ സാധ്യതയുള്ള കളിക്കാരിയായി ചൈന കാണുന്നത് വനിതാ വോളിബോൾ താരം ഷു ടിംഗിനെയാണ്. നീന്തൽ താരം സുൻ യാംഗിന് ടീനേജ് പെൺകുട്ടികളായി വൻ ആരാധകപ്പടയുണ്ടായിരുന്നു. എന്നാൽ ഉത്തേജക വിലക്കിനെത്തുടർന്ന് സുന്നിന്റെ പ്രഭ മങ്ങി. ഉത്തേജക പരിശോധനക്കായി  സാമ്പിൾ നൽകാൻ വിസമ്മതിച്ചതിന് എട്ടു വർഷത്തെ വിലക്കനുഭവിക്കുകയാണ് സുൻ. വിലക്കിനെതിരെ ഇരുപത്തെട്ടുകാരൻ അപ്പീൽ നൽകിയിട്ടുണ്ട്. മൂന്നു തവണ ഫ്രീസ്റ്റൈൽ നീന്തലിൽ ഒളിംപിക് ചാമ്പ്യനായിരുന്നു സുൻ. സ്വിസ് ഫെഡറൽ ട്രിബ്യൂണൽ വിലക്ക് റദ്ദാക്കിയില്ലെങ്കിൽ സുന്നിന്റെ കരിയർ അവസാനിക്കുമെന്നുറപ്പ്. 
മറ്റു സ്‌പോർട്‌സ് ഇനങ്ങളിലും ചൈനക്ക് നിരവധി ലോക ചാമ്പ്യന്മാരുണ്ട്. 2016 ലെ ഒളിംപിക്‌സിൽ അമേരിക്കക്കും ബ്രിട്ടനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തിയ ചൈനക്ക് ഒളിംപിക് ചാമ്പ്യന്മാരുടെ എണ്ണത്തിലും പഞ്ഞമില്ല. എന്നാൽ അവരിൽ ബഹുഭൂരിഭാഗവും ചൈനയിൽ പോലും സുപരിചിതരല്ല. 
ഉദാഹരണത്തിന് ടേബിൾ ടെന്നിസ് താരം ഷാംഗ് ജികെ. സുന്നിനെ പോലെ മൂന്നു തവണ ഒളിംപിക് ചാമ്പ്യനായിട്ടുണ്ട് ഷാംഗ്. എന്നാൽ മുപ്പത്തിരണ്ടുകാരന്റെ കാലം അസ്തമിച്ചു. 2016 ലെ ഒളിംപിക്‌സിനു ശേഷം വിരമിച്ച ഷാംഗ് തിരിച്ചുവരാൻ തയാറായെങ്കിലും അധികമാരും ശ്രദ്ധിച്ച മട്ടില്ല. 
ലിൻ ദാന്റെ നേട്ടങ്ങൾ അതുല്യമാണ്. ലിൻ അഞ്ചു തവണ ലോക ചാമ്പ്യനായി. മറ്റൊരു പുരുഷ താരവും രണ്ടു തവണയിൽ കൂടുതൽ ലോക ചാമ്പ്യന്മാരായിട്ടില്ല. സ്‌പെയിനിന്റെ വനിതാ താരം കരൊലൈന മാരിൻ മൂന്നു തവണ ലോക ചാമ്പ്യനായതാണ് ഏറ്റവും അടുത്തത്. മറ്റൊരു ബാഡ്മിന്റൺ താരത്തിനും തുടർച്ചയായ രണ്ട് ഒളിംപിക്‌സുകളിൽ സ്വർണം നേടാനായിട്ടില്ല. ലിൻ 2008 ലും 2012 ലും ഒളിംപിക് സ്വർണം നേടി. 666 കരിയർ വിജയങ്ങളും 66 കിരീടങ്ങളുമെന്ന സ്വപ്‌നക്കണക്കുമായാണ് ലിൻ വിട ചോദിക്കുന്നത്. ആറു തവണ ബാഡ്മിന്റണിലെ ഏറ്റവും പ്രശസ്തമായ കിരീടമായ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ് സ്വന്തമാക്കി. തോമസ് കപ്പിൽ ആറു തവണ ചാമ്പ്യന്മാരായ ചൈനീസ് ടീമിന്റെ ഭാഗമായിരുന്നു. 
ലിൻ ആദ്യ കിരീടം നേടിയത് 2002 ലാണ് -കൊറിയൻ ഓപണിൽ. അടുത്ത വർഷം ലോക ഒന്നാം നമ്പറായി. പതിനെട്ടാം വയസ്സിലായിരുന്നു ഈ നേട്ടങ്ങൾ. അഞ്ച് ഏഷ്യൻ ഗെയിംസുകളിൽ ലിൻ പങ്കെടുത്തു. ലിന്നിന്റെ കാലത്ത് കളിക്കേണ്ടി വന്നുവെന്നതാണ് ലീ ചോംഗ് വെയുടെ ഏറ്റവും വലിയ ദുര്യോഗം. രണ്ട് ഒളിംപിക്‌സ് ഫൈനലിലും രണ്ട് ലോക ചാമ്പ്യൻഷിപ് ഫൈനലിലും ലിന്നിനോട് തോറ്റാണ് ലീ ചോംഗ് പുറത്തായത്. ബാഡ്മിന്റണിലെ എക്കാലത്തെയും സൂപ്പർതാരങ്ങളായി കരുതപ്പെടുന്നത് ലിൻ, ലീ, തൗഫിഖ് ഹിദായത്, പീറ്റർ ഗെയ്ഡ് ക്രിസ്റ്റ്യൻസൻ എന്നിവരെയാണ്. അവരിൽ ഏറ്റവും അവസാനം വിരമിച്ചത് ലിന്നാണ്. ഈ പ്രമുഖ കളിക്കാരുടെ കാലത്താണ് ലിൻ ലോക ബാഡ്മിന്റൺ വാണത് എന്നത് ആ നേട്ടത്തിന്റെ പൊലിമ വർധിപ്പിക്കുന്നുവെന്ന ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ പറയുന്നു. 2011 ൽ  ബാഡ്മിന്റണിലെ ഒമ്പത് പ്രധാന കിരീടങ്ങളും ലിൻ സ്വന്തമാക്കി. മലേഷ്യൻ ഓപണാണ് പ്രധാന കിരീടങ്ങളിൽ ഒരുപാട് കാലം ലിന്നിൽ നിന്ന് അകന്നുനിന്നത്. 2017 ൽ മലേഷ്യക്കാരനായ ലീ ചോംഗിനെ ഫൈനലിൽ തോൽപിച്ച് അതും ലിൻ പോക്കറ്റിലാക്കി. യുവ താരങ്ങളായ വിക്ടർ ആക്‌സൽസനെ 2015 ലെ ജപ്പാൻ ഓപണിലും ചെൻ ലോംഗിനെ 2014 ലെ ഏഷ്യൻ ഗെയിംസിലും തോൽപിച്ചത് അവിസ്മരണീയ നേട്ടങ്ങളായിരുന്നു. എന്നാൽ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് ലിന്നിനു മേൽ മികച്ച റെക്കോർഡുണ്ട്. അഞ്ച് ഏറ്റുമുട്ടലുകളിൽ മൂന്നു തവണ പ്രണോയ് ജയിച്ചു. 


 

Latest News