Sorry, you need to enable JavaScript to visit this website.

അയ്യന്തോള്‍ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയും ഉള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

തൃശൂര്‍- അയ്യന്തോള്‍ പഞ്ചിക്കലിലെ പിനാക്കിള്‍ ഫഌറ്റില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍. ശിക്ഷ ഈ മാസം 13 ന് കോടതി പ്രഖ്യാപിക്കും. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.ആര്‍. മധുകുമാര്‍ ആണ് കേസ് പരിഗണിച്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. ഒറ്റപ്പാലം സ്വദേശി സതീശനെ 2016 മാര്‍ച്ച് മൂന്നിന് അയ്യന്തോളിലെ ഫ്‌ളാറ്റില്‍ മര്‍ദനമേറ്റ് പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 29 ന് ഫ്‌ളാറ്റില്‍ ക്രൂരമര്‍ദനത്തിന് ശേഷം സതീശനെ മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും നല്‍കാതെ ക്രൂരമായ മര്‍ദനമുറകളെ തുടര്‍ന്ന് പിന്നീട് മൂന്നിനായിരുന്നു സതീശന്‍ മരിച്ചത്.

കെ.പി.സി.സി സെക്രട്ടറി എം.ആര്‍. രാമദാസ്, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം മുന്‍ പ്രസിഡണ്ട് റഷീദ്, റഷീദിന്റെ കാമുകി ശാശ്വതി എന്നിവരുള്‍പ്പെടെയുള്ളവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ തെളിവുകളുടെ അഭാവത്തില്‍ എം.ആര്‍. രാമദാസിനെ കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാംപ്രതി റഷീദ്, മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി റതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഒന്നും മുതല്‍ മൂന്ന് വരെ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി. കൊലപാതകം നടത്തിയവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതാണ് നാലും എട്ടും പ്രതികള്‍ ചെയ്ത കുറ്റം.
രണ്ടാം പ്രതി റഷീദും  മൂന്നാം പ്രതി ശാശ്വതിയും തമ്മിലുള്ള വഴിവിട്ട ബന്ധവും റഷീദിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും സതീശന്‍ ചിലരോട് പറഞ്ഞതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

2016 ഫെബ്രുവരി 29 ന് അയ്യന്തോളിലെ ഫ്‌ളാറ്റില്‍ എത്തിയ സതീശനെ കൃഷ്ണപ്രസാദും റഷീദും ശാശ്വതിയും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശാശ്വതിയുടെ അഞ്ച് വയസ്സുള്ള മകള്‍ മര്‍ദനത്തിന് സാക്ഷിയായായിരുന്നു. കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കൊലപാതകത്തിന് ശേഷം റഷീദ് കോണ്‍ഗ്രസ് നേതാവ് രാംദാസിന്റെ വീട്ടിലെത്തിയെന്നും രാംദാസ് അന്ന് തന്നെ  കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ പോയതായും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയ കോടതി രാമദാസിനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.

ഇപ്പോഴത്തെ അസി. കമ്മീഷണര്‍ വി.കെ. രാജു, വെസ്റ്റ് സി.ഐ ആയിരിക്കെ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ഡിസംബറിലാണ് കേസിന്റെ വിസ്താരം ആരംഭിച്ചത്. പിന്നീട് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസില്‍ ഇടവേള വന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് പിന്നീട് 2018 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്. 72 സാക്ഷികളെ വിസ്തരിക്കുകയും 130 മുതലുകളും 186 രേഖകളും പരിശോധിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വിനുവര്‍ഗീസ് കാച്ചപ്പിള്ളിയും, സജി ഫ്രാന്‍സീസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവരാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

 

 

Latest News