ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ എഫ്.എ.ബി

അബുദാബി- ഗാര്‍ഹിക തൊഴിലാളികളുടെ വേതനം പരിരക്ഷിക്കുന്നതിനായി യു.എ.ഇയില്‍ പുതിയ പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തില്‍. മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ഫസ്റ്റ് അബുദാബി ബാങ്കു (എഫ്.എ.ബി) മായി സഹകരിച്ച് ഇ- വെയ്ജ് ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കിയാണ് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. തൊഴിലുടമകള്‍ ഇനി മുതല്‍ ജീവനക്കാരുടെ ശമ്പളം നേരിട്ട് ഡെബിറ്റ് കാര്‍ഡിലേക്ക് അടക്കേണ്ടിവരും. ഫോണ്‍ ക്രെഡിറ്റ് വാങ്ങാനും പ്രാദേശികമായി പണം കൈമാറാനും വിദേശത്തേക്ക് പണം അയക്കാനുമെല്ലാം പുതിയ സംവിധാനം തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്പെടും. യു.എ.ഇയിലെ ഗാര്‍ഹിക ജീവനക്കാര്‍ കാലങ്ങളായി നേരിട്ടിരുന്ന ഒരു പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
സമൂഹത്തിന്റെ വിശാലമായ വിഭാഗത്തിന് പ്രയോജനപ്പെടുന്ന ഏകീകൃത പണമടക്കല്‍ പരിഹാരം വികസിപ്പിക്കുന്നതിന് മാനവവിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എഫ്.എ.ബി ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി രമണ കുമാര്‍ പറഞ്ഞു. 'വീട്ടുജോലിക്കാര്‍ക്ക് പ്രതിമാസ ശമ്പളം എളുപ്പത്തിലും ഏകീകൃതമായും സുരക്ഷിതമായും സ്വീകരിക്കാന്‍ ഈ നീക്കം തീര്‍ച്ചയായും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News