ഖത്തറില്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ മേഖലയില്‍ 60 ശതമാനം സ്വദേശികളെ നിയമിക്കണം

ദോഹ- ഖത്തറില്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ളതോ പങ്കാളിത്തമുള്ളതോ ആയ മേഖലകളില്‍ സ്വദേശികള്‍ക്ക് അറുപത് ശതമാനം സംവരണം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന കരടുനിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോഫറന്‍സിലൂടെയാണ് മന്ത്രിസഭ യോഗം ചേര്‍ന്നത്. സ്വകാര്യ മേഖലാ സ്ഥാപനപനങ്ങളിലും ഖത്തരികളുടെയും വിദേശികളുടെയും അനുപാതം നിശ്ചയിക്കണമെന്ന കരടുനിയമവും മന്ത്രിസഭ അംഗീകരിച്ചു. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രിയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

മൊത്തം രാജ്യത്തിന്റെ മാനവ വിഭവശേഷിയില്‍ സ്വദേശികളുടെ എണ്ണം 80 ശതമാനമായി വര്‍ധിപ്പിക്കാനും കരട്‌നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്വദേശിവല്‍കരണ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമ്പോള്‍ ഖത്തരി വനിതകളുടെ കുട്ടികളെയും പൗരന്‍മാരായി പരിഗണിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മന്ത്രിസഭ പിന്‍വലിച്ചു.

അടുത്ത വെള്ളി, ശനി മുതല്‍ ഷോപ്പുകള്‍ക്ക് വാരാന്ത്യങ്ങളില്‍ പതിവുപോലെ പ്രവര്‍ത്തിക്കാനാകും.

 

Latest News